അയോദ്ധ്യ, ശബരിമല, മഹാരാഷ്ട്ര നാടകം, പൊതുമേഖലാസ്ഥാപനങ്ങളുടെ വില്പന തുടങ്ങിയ യമണ്ടൻ പ്രശ്നങ്ങൾക്കിടയിൽ രാജ്യത്തെ സാധാരണക്കാരെ ബാധിക്കുന്ന ജീവൽപ്രശ്നങ്ങൾ പലതും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. അടുത്ത കാലത്തൊന്നുമുണ്ടാകാത്ത തരത്തിലാണ് സാധന വിലക്കയറ്റം. ഇതിൽത്തന്നെ സവാളയുടെയും ഉള്ളിയുടെയും കാര്യം മാത്രമേ വലിയ വാർത്തയായി വരുന്നുള്ളൂ. ഇൗ രണ്ട് സാധനങ്ങൾക്കും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായതു കൊണ്ടാകാമിത്. സവാള കിലോയ്ക്ക് 125 രൂപയും കടന്നാണ് വില. മലയാളികൾ ഉൾപ്പെടെ ദക്ഷിണേന്ത്യക്കാർക്കെല്ലാം ഒഴിച്ചുകൂടാനാവാത്ത ചെറിയ ഉള്ളിക്കാകട്ടെ വില നൂറ്റിഅൻപതിനോടടുക്കുന്നു. ഉള്ളി വിളയുന്ന നാടുകളിൽ ഉണ്ടായ അതിവർഷമാണ് ഇൗ അഭൂതപൂർവമായ വിലക്കയറ്റത്തിന് കാരണമെന്നാണ് പറഞ്ഞു കേൾക്കുന്നത്. വാസ്തവമായിരിക്കാം. എന്നാൽ കൂടുതൽ വില കൊടുത്താൽ ഉള്ളി എത്ര വേണമെങ്കിലും വിപണിയിൽ ലഭ്യമാണുതാനും. ഉത്പന്നം സ്റ്റോക്ക് ചെയ്ത വൻകിട വ്യാപാരികൾ കൊയ്യുന്നതു കോടാനുകോടികളാണ്. കൃത്രിമ ക്ഷാമമുണ്ടാക്കി കഴുത്തറപ്പൻ വില ഇൗടാക്കുന്നവരെ പിടികൂടി ശിക്ഷിക്കാൻ അവശ്യസാധന നിയമം ഉണ്ട്. പൂഴ്ത്തിവയ്പു തടയാനും പല്ലും നഖവുമുള്ള നിയമമുണ്ട്. പക്ഷേ ഒന്നുമെടുത്ത് പ്രയോഗിക്കാൻ ഒരിടത്തും ആരുമില്ല. അടുക്കളയ്ക്കാവശ്യമായ എല്ലാ സാധനങ്ങളും വൻ വിലകൊടുത്തുവാങ്ങേണ്ടിവരുന്ന സാധാരണ കുടുംബങ്ങളുടെ കഷ്ടസ്ഥിതി പരിഗണിക്കപ്പെടുന്നേയില്ല.
സവാളയ്ക്കും ഉള്ളിക്കും അറുപതും എഴുപതും രൂപ കടന്നപ്പോൾ മുതൽ കേൾക്കുന്നതാണ് ഇവയുടെ ഇറക്കുമതിയെക്കുറിച്ച്. അവശ്യവസ്തുക്കൾക്കു ക്ഷാമം നേരിടുകയോ അനിയന്ത്രിതമായി വില ഉയരുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ സാധാരണ കൈക്കൊള്ളുന്ന മാർഗം അവ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുക എന്നതാണ്. ഇന്ത്യയിൽ നിന്ന് വൻതോതിൽ സവാള കയറ്റുമതി ചെയ്യാറുണ്ട്. നാട്ടിൽ അതിന് വില കൂടാൻ തുടങ്ങിയപ്പോൾ കയറ്റുമതിക്ക് താത്കാലിക നിരോധനം ഏർപ്പെടുത്തിയതുമാണ്. ഒപ്പം തന്നെ പ്രതിസന്ധി മറികടക്കാൻ ഇറക്കുമതിയെക്കുറിച്ചും പറഞ്ഞുകേട്ടിരുന്നു. എന്നാൽ ഇതനുസരിച്ചുള്ള നടപടികൾ എടുത്തോ എന്ന് തീർച്ചയില്ലാത്ത വിധത്തിൽ ഉള്ളിവില മണിക്കൂർ വച്ച് ഉയർന്നുയർന്നു പോകുന്ന കാഴ്ചയാണ് കാണുന്നത്.
ഉള്ളിക്കുമാത്രമല്ല, മറ്റു നിത്യോപയോഗ സാധനങ്ങൾക്കും വില വല്ലാതെ കൂടിയിരിക്കുകയാണ്. പയർ, പരിപ്പ് വർഗങ്ങൾക്കെല്ലാം ആഴ്ചതോറുമാണ് വില കൂടുന്നത്. ഇവയുടെ ഉത്പാദനം കുറഞ്ഞതായി റിപ്പോർട്ടൊന്നുമില്ല. വിപണിയിലാകട്ടെ എല്ലാറ്റിനും അസാധാരണമാം വിധം വില കയറുന്നുമുണ്ട്. വിപണിയെ നിരീക്ഷിക്കാനും ജനങ്ങൾക്ക് ആശ്വാസമേകുന്ന നടപടി സ്വീകരിക്കാനും സർക്കാരോ സർക്കാർ ഏജൻസികളോ താത്പര്യമെടുക്കുന്നില്ല. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന നിബന്ധന പോലും പാലിക്കാത്ത കടകളാണ് അധികവും.
പൊതുവിപണിയെ നിയന്ത്രിക്കാൻ സഹായകമായ ഇടപെടലുകൾ നടത്താൻ സർക്കാരിന് സംവിധാനങ്ങൾ ഉള്ളതാണ്. എന്നാൽ സംസ്ഥാനത്ത് ഇവയുടെ പ്രവർത്തനം നാമമാത്രമായി ചുരുങ്ങിയിരിക്കുന്നു. വിശേഷാവസരങ്ങളിൽ മാത്രമാണ് സർക്കാരിന്റെ വിപണി ഇടപെടൽ. പൊതുവിതരണ കേന്ദ്രങ്ങൾ വഴി നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാൻ വിപുലമായ ഏർപ്പാടുണ്ടാക്കുന്നതിനെക്കുറിച്ച് ധാരാളം പറഞ്ഞുകേട്ടിരുന്നു. സഹകരണ സംഘങ്ങളുടെയും കൺസ്യൂമർഫെഡ് പോലുള്ള സർക്കാർ ഏജൻസികളുടെയും ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്. വിലയുടെ കാര്യത്തിൽ പൊതുവിപണിയിൽ നിന്ന് വലിയ വ്യത്യാസമൊന്നുമില്ലാത്തതിനാൽ ജനങ്ങളിൽനിന്ന് ഏറെ അകന്നാണ് ഇവയും നിൽക്കുന്നത്. ഇവയുടെ പ്രവർത്തനം കാര്യക്ഷമമാക്കിയാൽ ഒരുപരിധിവരെ പൊതുവിപണിയെ നിയന്ത്രിക്കാൻ കഴിയുമെന്നതിന് മുൻകാലങ്ങളിൽ അനുഭവമുണ്ട്. ഭക്ഷ്യവകുപ്പ് ജാഗരൂകത കാണിച്ചാലേ ഇതൊക്കെ നടക്കുകയുള്ളൂ.
പലവ്യഞ്ജനങ്ങളുടെ വിലയെ കവച്ചുവയ്ക്കുന്ന രീതിയിലാണ് പച്ചക്കറികൾക്കും പഴങ്ങൾക്കും അനുഭവപ്പെടുന്ന വിലക്കയറ്റം. ചോദിക്കാനും നിയന്ത്രിക്കാനും ആരുമില്ലെന്ന മട്ടിലാണ് ഇൗ വക സാധനങ്ങളുടെ വില ഉയർന്നുയർന്നുപോകുന്നത്. ശബരിമല സീസണിൽ പച്ചക്കറിക്ക് നേരിയ തോതിൽ എല്ലാക്കൊല്ലവും വില കൂടാറുണ്ട്. എന്നാൽ ഇത്തവണ റെക്കാഡ് തകർക്കും വിധത്തിലാണ് എല്ലാറ്റിന്റെയും വില. ജനങ്ങളെ സഹായിക്കാൻ വേണ്ടി തുറന്നുവച്ചിരിക്കുന്ന ഹോർട്ടികോർപ്പിന്റെ വില്പനശാലകളിൽ പോലും ഒട്ടും ആശ്വാസം പകരുന്നവിധത്തിലല്ല വില നിലവാരം. വിലക്കയറ്റ നാളുകളിൽ മുമ്പൊക്കെ രാഷ്ട്രീയ കക്ഷികൾ വിഷയം ഏറ്റെടുത്ത് വലിയ ഒച്ചപ്പാടുണ്ടാക്കുമായിരുന്നു. ഇപ്പോൾ അവരും ഒന്നും അറിയുന്ന മട്ടില്ല. ഇന്റർനാഷണൽ വിഷയങ്ങളിലാണ് അവർക്കും ഇപ്പോൾ ഏറെ താത്പര്യം.