തിരുവനന്തപുരം : ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ ഉദയകുമാറിന്റെ ഓർമ്മയ്ക്കായി വോളി ഫാമിലി ക്ലബ് ഏർപ്പെടുത്തിയ ഉദയകുമാർ സ്മാരക ദേശീയ അവാർഡിന് റെയിൽവേയുടെ അന്താരാഷ്ട്ര വോളിബാൾ താരം മിനിമോൾ എബ്രഹാം അർഹയായതായി ക്ലബ് പ്രസിഡന്റ് എസ്.ഗോപിനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. റെയിൽവേ പാലക്കാട് ഡിവിഷനിലെ ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടറാണ് മിനിമോൾ. ജിമ്മി ജോർജിന്റെ ചരമവാർഷികദിനമായ ഈമാസം 30ന് ചന്ദ്രശേഖരൻനായർ സ്‌റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവാർഡ് സമ്മാനിക്കും. വോളിബോൾ താരം ജോൺസൺ ജേക്കബ് ജിമ്മി ജോർജ് അനുസ്മരണ പ്രഭാഷണം നടത്തും. ക്ലബ് ഭാരവാഹികളായ പി. എസ്. അബ്ദുൾ റസാക്ക്, കെ. മനോജ് കൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.