കിളിമാനൂർ: ഒന്നു ശരിയാക്കുമ്പോൾ മറ്റൊന്ന് നശിക്കുന്ന രീതി തുടരുകയാണ് കിളിമാനൂരിൽ. 'സുരക്ഷാ ഇടനാഴി' പദ്ധതി പ്രകാരം കോടികൾ മുടക്കി റോഡു വികസനം നടക്കുമ്പോൾ കിളിമാനൂർ ജംഗ്ഷനിലെ ഹൈമാസ് ലൈറ്റുൾപ്പെടെ പ്രകാശിക്കാതായിട്ട് ആഴ്ചകളാകുന്നു. റോഡരികിൽ സ്ഥാപിച്ചിട്ടുള്ള സോളാർ ലൈറ്റുകളും കേടായിരിക്കുകയാണ്. ഇക്കാരണത്താൽ രാത്രി കാലങ്ങളിൽ ഇതുവഴിയുള്ള കാൽനടയാത്ര ദുഷ്കരമായിരിക്കുകയാണ്. മാത്രമല്ല അപകടങ്ങളും പതിവാകുന്നു. റോഡ് സുരക്ഷയ്ക്കായി സംസ്ഥാന പാതയ്ക്ക് സമീപമായി കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ സോളാർ ലൈറ്റുകൾ സ്ഥാപിച്ചിരുന്നെങ്കിലും അതിൽ ഭൂരിഭാഗവും ഇപ്പോൾ പ്രകാശിക്കുന്നില്ല. നിരവധി സ്ഥലങ്ങളിലെ സോളാർ ലൈറ്റുകൾ വാഹനം ഇടിച്ച് തകർന്ന നിലയിലാണ്. മാത്രമല്ല ഇതിലെ റീ ചാർജബിൾ ബാറ്ററി മോഷണം പോയിട്ടുമുണ്ട്. കഴക്കൂട്ടം മുതൽ അടൂർ വരെ റോഡ് വികസനം നടക്കുന്നതിനാൽ മിക്കയിടങ്ങളിലെയും ഓടകൾക്ക് സ്ലാബില്ലാത്ത നിലയിലാണ്. പലയിടങ്ങളിലും കുഴികളും എടുത്തിട്ടുണ്ട്. ഇതിനു പുറമേ രാത്രി വഴിവിളക്കുകളും ഇല്ലാതായതോടെ അപകടങ്ങളും സംഭവിക്കുന്നു. ഇരുചക്ര വാഹനം ഉൾപ്പെടെയുള്ളവ രാത്രി അപകടത്തിൽ പെടുന്നതും പതിവാണ്. വിദൂര സ്ഥലങ്ങളിൽ ജോലിക്ക് പോകുന്നതിനായി ട്രാൻസ്‌പോർട്ട് സ്റ്റാൻഡിൽ ഉൾപ്പെടെ അതിരാവിലെ എത്തുന്ന യാത്രക്കാർ മിക്കപ്പോഴും തെരുവ് നായ്ക്കളുടെ മുന്നിൽ ചെന്ന് പെടുന്നതും പതിവാണ്. സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കി ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രധാന പ്രശ്നങ്ങൾ
തെരുവിളക്കുകൾ പലതും പ്രകാശിക്കുന്നില്ല
രാത്രികാലങ്ങളിൽ വഴിയാത്ര ദുഷ്കരമായി
സാധാരണക്കാരും കുട്ടികളുമാണ് ഏറെ വലയുന്നത്
റോഡ് നവീകരണം നടക്കുന്നതിനാൽ പകൽ യാത്ര പോലും ദുഷ്കരമായി
ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നതും പതിവ് കാഴ്ചയാണ്