016

വർക്കല: ഇലകമൺ ഗ്രാമപഞ്ചായത്തിലെ തെരുവോരങ്ങളിലും സ്കൂളുകൾ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളുടെ വളപ്പുകളിലും ജനവാസ കേന്ദ്രങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാകുന്നു. ഇലകമൺ എം.പി.എൽ.എസ് സ്കൂളിൽ നായ്ക്കളുടെ ശല്യം വർദ്ധിക്കുകയാണ്. ഇലകമൺ ഗ്രാമപഞ്ചായത്തിലെ ഒട്ടുമിക്ക സ്കൂളുകളുടെ തിണ്ണകളിലും ഇവയുടെ സാന്നിദ്ധ്യമുണ്ട്. ആനിമൽ ബർത്ത് കൺട്രോൾ പദ്ധതി പ്രകാരം തെരുവ് നായ്ക്കളുടെ വന്ധ്യംകരണം നടത്തുന്നതിന് വർക്കല താലൂക്കിൽ ഇലകമൺ മൃഗാശുപത്രിയിൽ മാത്രമാണ് സൗകര്യമുള്ളത്. മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ നിന്ന് ഇവിടത്തെ മൃഗാശുപത്രിയിലെ സർജ്ജിക്കൽ ബ്ലോക്കിൽ ശസ്ത്രക്രിയ കഴിഞ്ഞ ശേഷം തിരികെ കൊണ്ടുപോകാതെ തുറന്ന് വിടുന്ന പ്രവണതയും നിലനിൽക്കുന്നുണ്ട്. ഇത് കാരണം ഇവിടെ തെരുവ് നായ്ക്കളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇതിനെതിരെ നിരവധി തവണ അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന ആക്ഷേപവുമുണ്ട്. സ്കൂളുകളിൽ തമ്പടിച്ച് കിടക്കുന്ന തെരുവ് നായ്ക്കളെ മാറ്റുന്ന നടപടികളെങ്കിലും സ്വീകരിക്കാൻ സ്കൂൾ അധികൃതരും പഞ്ചായത്തും ആരോഗ്യ വകുപ്പും നടപടി സ്വീകരിക്കണമെന്നാണ് രക്ഷാകർത്താക്കളുടെ ആവശ്യം.