തിരുവനന്തപുരം: സ്കൂൾ യൂണിഫോം നെയ്യുന്ന കൈത്തറി തൊഴിലാളികളുടെ ആറ് മാസത്തെ വേതന കുടിശിക ഉടൻ വിതരണം ചെയ്യുക, 2008മുതലുള്ള റിബേറ്റ് കുടിശിക നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൈത്തറി തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കോ ഒാർഡിനേഷൻ കമ്മിറ്റി സെക്രട്ടേറിയറ്റ് മാർച്ചും ധ‌ർണയും നടത്തി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കോ ഒാർഡിനേഷൻ കമ്മിറ്റി കൺവീനർ ആറ്റിപ്ര സദാനന്ദൻ അദ്ധ്യക്ഷനായി. പാറക്കുഴി സുരേന്ദ്രൻ, കെ.കെ. വിജയൻ, പത്മശ്രീ ഗോപിനാഥൻ, തുളസീധരൻ, പി. ഓമന, ബാലരാമപുരം കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. അയ്യങ്കാളി ഹാളിന് സമീപത്ത് നിന്നാരംഭിച്ച മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.