vnd

വെള്ളനാട്:വെള്ളനാട്-ആര്യനാട് റോഡിൽ അപകടങ്ങൾ ചോര തെറിപ്പിക്കുന്നു. കഴിഞ്ഞയാഴ്ച ടിപ്പർ ലോറിയിടിച്ച് കമ്പനിമുക്ക് സ്വദേശി റീത്ത (56) മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. അപകടങ്ങളിൽപ്പെട്ട് ചികിത്സ തേടിയവരും, ഇപ്പോഴും ചികിത്സയിൽ കഴിയുന്നവരും നിരവധിയാണ്.

സ്പെഷ്യൽ പാക്കേജ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നവീകരിച്ചതോടെയാണ് അപകടങ്ങൾ കൂടിയതെന്ന് നാട്ടുകാർ പറയുന്നു. പുതിയ റോഡിന്റെ അശാസ്ത്രീയ നിർമാണവും അമിത വേഗതയും സൂചനാ ബോർഡുകളില്ലാത്തതും അപകടങ്ങൾ വർദ്ധിപ്പിക്കുകയാണ്.പണിയാകട്ടെ പൂർത്തിയായിട്ടുമില്ല.

വെള്ളനാട് മുതൽ ആര്യനാട് കാഞ്ഞിരംമൂടുവരെ റോഡിൽ ഒട്ടേറെ കൊടിയ വളവുകളുണ്ട്. റോഡ് നിർമ്മാണ വേളയിൽ പല വളവുകളും നേരെയാക്കാൻ കഴിയുമായിരുന്നു. കോടികൾ മുടക്കി റോഡിന്റെ നവീകരണവേളയിൽ വളവുകൾ നിവർത്താൻ ഭൂമി ഏറ്റെടുക്കാനോ പുറംപോക്ക് ഭൂമി അളന്നെടുക്കാനോ നടപടിയുണ്ടായില്ല. വളവുകളിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങളൊരുക്കാനും കരാറുകാർ തയ്യാറായിട്ടില്ല.

അപകട സാദ്ധ്യതയേറെയുള്ള റോഡിലൂടെ ഇരുചക്രവാഹനങ്ങൾ അമിത വേഗത്തിൽ പായുകയാണ്. കൊട്ടിഘോഷിച്ച് ആരംഭിച്ച റോഡ് നിർമാണം ഇതുവരെ പൂർത്തിയാക്കാനുമായിട്ടില്ല. തുടർക്കഥയായിട്ടും പി.ഡബ്ലിയു.ഡി അധികൃതരോ പൊലീസോ വേണ്ടത്ര മുൻകരുതൽ നടപടിയെടുക്കുന്നില്ല. അപാകതകൾ പരിഹരിച്ച് റോഡിലെ അപകടങ്ങൾ തടയാൻ അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.