വിതുര: പാമ്പു കടിയേറ്റാൽ നൽകേണ്ട പ്രഥമ ശുശ്രൂയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ച് വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ. സ്‌കൂളിലെ സ്‌പെഷ്യൽ അസംബ്ലിയിൽ നടന്ന യോഗത്തിൽ വിതുര സനൽരാജ് ക്ലാസെടുത്തു. വയനാട്ടിലെ സ്‌കൂളിൽ പാമ്പ് കടിയേറ്റ് മരിച്ച ഷെഹലാ ഷെറിന് യോഗം ആദരാഞ്ജലി അർപ്പിച്ചു. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ മുഴുവൻ സ്‌കൂളുകളിലും കേഡറ്റുകളുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രദർശനവും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇതിന്റെ ആദ്യഘട്ടമായി സ്‌കൂളും പരിസരപ്രദേശങ്ങളും ശുചീകരിക്കും. മലയോര മേഖലയിലെ ആദിവാസി കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് പ്രത്യേക പരിഗണന നൽകും. വാവ സുരേഷിന്റെയും വിതുര സനൽരാജിന്റെയും നിർദ്ദേശങ്ങൾക്കനുസരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. കമ്മ്യൂണിറ്റി പൊലീസ് ഒാഫീസർ അൻവർ, സ്‌കൂൾ പ്രിൻസിപ്പൽമാരായ ഡോ. ഷീജ, മറിയാമ്മാ ചാക്കോ, ഹെഡ്മിസ്ട്രസ് ജോതിഷ് ജലൻ, പി.ടി.എ പ്രസിഡന്റ് കണ്ണങ്കര ഭുവനചന്ദ്രൻ, എസ്.എം.സി ചെയർമാൻ കെ. വീനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ബോധവത്കരണ പരിപാടികൾ നടക്കുന്നത്.