photo

നെടുമങ്ങാട്: റബർ കർഷക വിപണിയെ തകർച്ചയിൽ നിന്ന് കരകയറ്റാൻ ക്രിയാത്മക നിർദ്ദേശങ്ങളുമായി കേരളകൗമുദി - റബർ കർഷക സംഗമം. റബറിനെ വ്യാവസായിക അസംസ്‌കൃത വസ്‌തുവെന്ന പരിമിതിയിൽ ഒതുക്കി നിറുത്താതെ കാർഷിക വിളയായി അംഗീകരിച്ചാൽ മാത്രമേ വിലയിടിവും വിപണി തകർച്ചയും പരിഹരിക്കാൻ കഴിയൂവെന്ന് കർഷക സംഗമം വിലയിരുത്തി. അനിയന്ത്രിതമായ റബർ ഇറക്കുമതി തടയാൻ സർക്കാർ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ വ്യതിയാനം മറികടന്ന് ടാപ്പിംഗ് സുഗമമാക്കാൻ മരങ്ങളിൽ 'റെയിൻ ഗാർഡ് " വ്യാപകമാക്കണമെന്നും സംഗമത്തിൽ ആവശ്യമുയർന്നു. റബർ കൃഷി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് റബർ കർഷക സംഘങ്ങളുടെ ഏകോപന സമിതിയായ എൻ.എഫ്.ആർ.പി.എസ്, റബർ ബോർഡ് എന്നിവരുമായി സഹകരിച്ച് നെടുമങ്ങാട് റവന്യു ടവറിൽ കേരളകൗമുദി സംഘടിപ്പിച്ച കർഷക സംഗമം കർഷകരുടെയും ടാപ്പിംഗ് തൊഴിലാളികളുടെയും ജീവിത തകർച്ചയുടെ നേർക്കാഴ്ചയായി. കേരളകൗമുദി യൂണിറ്റ് ചീഫ് കെ. അജിത്കുമാർ മോഡറേറ്ററായിരുന്നു. ചർച്ചയിൽ വിവിധ ഉത്പാദകസംഘം പ്രസിഡന്റുമാരായ എ.ആർ. നാരായണൻ നായർ, ബി.എൽ. കൃഷ്‌ണപ്രസാദ്‌, കരിക്കുഴി അപ്പുക്കുട്ടൻ നായർ, ബി. ശശിധരൻ നായർ, കെ.എസ്. വിഷ്‌ണുശർമ്മ, എസ്. ശ്രീധരൻ, വി. ദാമോദരൻപിള്ള, സി. രാഘുനാഥൻ, എൻ. രാജഗോപാൽ, എ. ഷഹുറുദീൻ, ജോഷി ജോൺ, വെള്ളനാട് ശ്രീകുമാർ, ടി. വേണുഗോപാലൻ നായർ, ജെ. മുരളീധരൻ നായർ, എൻ. സുരേന്ദ്രൻ നായർ, പങ്കുംമൂട് ഗോപാലൻ, എം. ജലാലുദീൻ, പി. രാജീവൻ, കെ. ഗോപാലകൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തു. എൻ.എഫ്.ആർ.പി.എസ് റീജിയണൽ പ്രസിഡന്റ് പൂവത്തൂർ എ.ആർ. നാരായണൻ നായരുടെ അദ്ധ്യക്ഷതയിൽ ദേശീയ പ്രസിഡന്റ് ക്യാപ്ടൻ ജോർജ് ജോസഫ് ഉദ്‌ഘാടനം ചെയ്‌തു. ഡെപ്യൂട്ടി റബർ പ്രൊഡക്‌ഷൻ കമ്മിഷണർ കെ. കൃഷ്ണൻകുട്ടി ഭദ്രദീപം തെളിച്ചു. റീജിയണൽ സെക്രട്ടറി ബി.എൽ. കൃഷ്ണപ്രസാദ്‌ സ്വാഗതവും ദേശീയ വൈസ് പ്രസിഡന്റ് കരിക്കുഴി അപ്പുക്കുട്ടൻ നായർ നന്ദിയും പറഞ്ഞു.

റബർ വിപണി തകർത്തത് ഇറക്കുമതിയും

ഇടനിലക്കാരുടെ കൊള്ളയും: വി.കെ. മധു

നെടുമങ്ങാട്: റബർ ഉത്പന്നങ്ങളുടെ ഇറക്കുമതിയും ഇടനിലക്കാരുടെ കൊള്ളയുമാണ് റബർ വിപണിയുടെ തകർച്ചയ്ക്ക് മുഖ്യ കാരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു. കേരളകൗമുദി റബർ കർഷക സംഗമത്തിൽ ഉത്പാദക സംഘം ഭാരവാഹികൾക്ക് ഉപഹാര സമർപ്പണം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. റബർ കാർഷിക മേഖലയുടെ തിരിച്ചുവരവിന് കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ പറഞ്ഞു. രാജ്യത്തെ മികച്ച ജില്ലാപഞ്ചായത്തിനുള്ള ദീൻദയാൽ ഉപാദ്ധ്യായ പുരസ്‌കാരം നേടിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിനെ കേരളകൗമുദി യൂണിറ്റ് ചീഫ് കെ. അജിത്കുമാർ ആദരിച്ചു. ആനാട് ജയൻ പ്രത്യേക സപ്ലിമെന്റ് പ്രകാശനം ചെയ്‌തു. ഡെപ്യൂട്ടി റബർ പ്രൊഡക്‌ഷൻ കമ്മിഷണർ കെ. കൃഷ്‌ണൻകുട്ടി, റബർ ബോർഡ് ഡെവലപ്മെന്റ് ഓഫീസർ കെ.ജി. ജയകുമാർ, അനന്തപുരി റബേഴ്‌സ് മാനേജിംഗ് ഡയറക്ടർ എസ്. നിർമ്മലകുമാർ, എൻ.എഫ്.ആർ.പി.എസ് ദേശീയ വൈസ് പ്രസിഡന്റ് കരിക്കുഴി അപ്പുക്കുട്ടൻ നായർ എന്നിവർ മറുപടി പറഞ്ഞു. റീജിയണൽ ജനറൽ സെക്രട്ടറി ബി.എൽ. കൃഷ്‌ണപ്രസാദ്, കേരളകൗമുദി സർക്കുലേഷൻ മാനേജർ ജി. അനിൽകുമാർ, നെടുമങ്ങാട് ലേഖകൻ എസ്.ടി. ബിജു, അസി. സർക്കുലേഷൻ മാനേജർ പ്രദീപ് കാച്ചാണി, ഫീൽഡ് ഇൻസ്‌പെക്ടർ ആതിര തുടങ്ങിയവർ പങ്കെടുത്തു.