തിരുവനന്തപുരം: അനുകൂലമായി വിധി പറയാത്ത വനിതാ മജിസ്ട്രേട്ടുമാരെ അഭിഭാഷകർ ഭീഷണിപ്പെടുത്തുന്നത് തലസ്ഥാനത്ത് പതിവാകുന്നു. അഭിഭാഷകരുടെ ഭീഷണി കാരണം നെയ്യാറ്റിൻകര കോടതിയിലെ മജിസ്ട്രേട്ട് രണ്ടാഴ്‌ച മുമ്പ് മൂന്നു ദിവസം പൊലീസ് സംരക്ഷണയിലാണ് കോടതിയിലെത്തിയത്. ജില്ലാ ജഡ്ജി മുൻകൈയെടുത്ത് നെയ്യാറ്റിൻകര ബാർ അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. ഈമാസം 13നായിരുന്നു സംഭവം. എന്നാൽ പരസ്യമായി അസഭ്യം പറയുന്നത് തുടരുകയാണെന്നാണ് കോടതി വൃത്തങ്ങൾ നൽകുന്ന വിവരം.
വഞ്ചിയൂർ കോടതിയിലെ മജിസ്ട്രേട്ട് ദീപ മോഹന് അഭിഭാഷകരുടെ ഭാഗത്ത് നിന്ന് മോശം അനുഭവമുണ്ടായതിന് പിന്നാലെയാണ് നെയ്യാറ്റിൻകരയിലെ സംഭവം പുറത്തുവന്നത്. നീതിപൂർവം വിധിന്യായങ്ങൾ പുറപ്പെടുവിച്ച യുവവനിതാ മജിസ്ട്രേട്ട് ബാർ അസോസിയേഷനിലെ ചിലരുടെ കണ്ണിലെ കരടായതാണ് പ്രശ്‌നങ്ങൾക്ക് കാരണം. സംഭവദിവസം രാവിലെ കോടതി ചേർന്നപ്പോൾ അഭിഭാഷകർ ചേംബറിലെത്തിയില്ല. തുടർന്ന് കേസു വിളിക്കാതെ കോടതി പിരിഞ്ഞു. പിന്നാലെ മജിസ്ട്രേട്ട് വിഷയം മേൽതട്ടിലറിയിച്ചു. തുടർന്ന് നെയ്യാറ്റിൻകര ബാർ അസോസിയേഷൻ അടിയന്തരമായി യോഗം ചേർന്നു. മജിസ്ട്രേട്ടിനെ ഉപരോധിക്കണമെന്നായിരുന്നു ഭൂരിഭാഗത്തിന്റെയും ആവശ്യം.
പിറ്റേദിവസം രാവിലെ ഒരുവിഭാഗം അഭിഭാഷകർ മജിസ്ട്രേട്ടിനെ ഉപരോധിക്കാൻ നീക്കം തുടങ്ങി. എന്നാൽ ചില മുതിർന്ന അഭിഭാഷകർ ഇടപെട്ട് പിന്തിരിപ്പിച്ചു. ഇതോടെ മജിസ്ട്രേട്ടിന് പൊലീസ് സംരക്ഷണം ഒരുക്കി. പിന്നാലെ ജില്ലാ ജഡ്ജി ബാർ അസോസിയേഷൻ പ്രതിനിധികളെ ചർച്ചയ്‌ക്ക് വിളിച്ചു. ജുഡിഷ്യൽ ഓഫീസറെ മാറ്റണമെന്നായിരുന്നു പ്രതിനിധികളുടെ ആവശ്യം. കാരണം തിരക്കിയപ്പോൾ തുടർച്ചയായി തങ്ങൾക്ക് അനുകൂലമായ വിധി നൽകുന്നില്ലെന്ന് പ്രതിനിധികളിലൊരാൾ പറഞ്ഞു. ഇക്കാരണത്താൽ മജിസ്ട്രേട്ടിനെ മാറ്റാനാകില്ലെന്ന് ജില്ലാ ജഡ്ജി നിലപാടെടുത്തു. പരാതിയുണ്ടെങ്കിൽ അപ്പീൽ നൽകാമെന്നും അത് പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് അഭിഭാഷകർ താത്‌കാലികമായി അയഞ്ഞത്.
മുതലെടുക്കുന്നത് മാദ്ധ്യമങ്ങളുടെ അസാന്നിദ്ധ്യം
അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് കോടതികളിൽ മാദ്ധ്യമങ്ങൾക്ക് പ്രവേശനമില്ല. ഈ സാഹചര്യമാണ് അഭിഭാഷകർ മുതലെടുക്കുന്നത്. നീതിപൂർവം നടപടിയെടുക്കുന്ന യുവ മജിസ്ട്രേട്ടുമാർ അഭിഭാഷകർക്ക് വഴങ്ങാറില്ല. ജില്ലയിൽ ഇത്തരത്തിലുള്ള യുവ മജിസ്ട്രേട്ടുമാരെ വരുതിയിലാക്കാനുള്ള ശ്രമങ്ങളാണ് അഭിഭാഷകർ ദിവസേന കോടതികളിൽ നടത്തുന്നതെന്നും ആക്ഷേപമുണ്ട്.