എൻമകജെ (കാസർകോട്): മോഹിനിയായി വർഷ ചുവടു വച്ചപ്പോൾ അവൻ അവളുടെ പാദത്തിലേക്കും മിഴികളിലേക്കും മാറി മാറി നോക്കി. അവന്റെ മുഖത്തും ഭാവങ്ങൾ മാറി മറിഞ്ഞു. വർഷ കൈകളിൽ താമര വിരിയിച്ചപ്പോൾ അവന്റെ ചുണ്ടിൽ പുഞ്ചിരിപ്പൂ വിടർന്നു
ഈ ഏഴു വയസുകാരന്റെ സന്തോഷം വായനക്കാർക്കായി കാമറയിൽ പകർത്താനാവില്ല. അവൻ ഇരയാണ്. കാസർകോടിന്റെ സന്തോഷം കെടുത്തിയ എൻഡോസൾഫാന്റെ ഇര. ജീവിതവും സ്വപ്നവും തകർന്ന ഇരുന്നൂറോളം കുട്ടികളിൽ ഒരാൾ.
അവന്റെ മുന്നിൽ ചിരിദളം വിടർത്തി ആടിയ വർഷ കാഞ്ഞങ്ങാട് മോഹിനിയാട്ട വേദിയിൽ നൃത്തം അവതരിപ്പിച്ച ശേഷം ചമയമഴിക്കാതെ 62 കിലോമീറ്റർ സഞ്ചരിച്ച് കന്നട മണ്ണിനോട് ചേർന്ന എൻമകജെയിലെ എൻഡോസൾഫാൻ പ്രദേശത്ത് എത്താനും കാരണമുണ്ട്
കാസർകോട്ടുകാരിയാണ് പ്ലസ് വൺ വിദ്യാത്ഥിനിയായ വർഷ. ചെറുവത്തൂർ ജി.എച്ച്.എസ്.എസിൽ നിന്ന് രണ്ടാം വട്ടമാണ് ജില്ലയെ പ്രതിനിധീകരിക്കുന്നത്.
28 വർഷത്തിനു ശേഷം തന്റെ ജില്ല ഏറ്റവും വലിയ കലാ മാമാങ്കത്തിന് സാക്ഷ്യം വഹിക്കുമ്പോൾ അതിലൊന്നു പോലും കാണാൻ കഴിയാത്ത കുറച്ചു കുട്ടികൾ ഇവിടെയുണ്ടെന്ന് അവൾക്കറിയാം. അവരുടെ മുമ്പിൽ ചുവടുവയ്ക്കണം...ചെക്ക് പോസ്റ്റിനടുത്തുള്ള സ്പെഷ്യൽ സ്കൂളായിരുന്നു ലക്ഷ്യം. കിലോമീറ്ററുകളോളം പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡ് പിന്നിട്ട് എത്തിയപ്പോൾ സ്കൂൾ സമയം കഴിഞ്ഞിരുന്നു. പിന്നെ സമീപത്തെ വീടുകളിലേക്ക് പോയി.
എൻഡോസൾഫാൻ ഇരകൾക്കു വേണ്ടി സകൂൾ നടത്തുന്ന ഫാദർ ജോസും സിസ്റ്റർ ജീനുയും സഹായികളായി. വെട്ടുക്കട്ട കൊണ്ടുണ്ടാക്കിയ ചെറിയ വീട്ടിലാണ് ആ എഴുവയസുകാരൻ കഴിയുന്നത്. എൻഡോസൾഫാൻ ദുരന്തം പലരുടേയും ശരീരം തകർത്തപ്പോൾ ഇവന് നഷ്ടപ്പെട്ടത് മനസിന്റെ ഉറപ്പാണ്. എൻഡോസൾഫാൻ ദുരിതം വിതച്ചകാലം. ധാരാളം കുട്ടികൾ വൈകല്യത്തോടെ പിറന്നു വീണു. മത്സ്യത്തൊഴിലാളിയായ അജയനും ഭാര്യ ഭവ്യയും മരുന്ന് കഴിച്ചെങ്കിലും അവരുടെ കടിഞ്ഞൂൽ കണ്മണി തീരാനൊമ്പരമായി. പക്ഷെ, അവനിപ്പോൾ സ്മാർട്ടായി വരുന്നു. നല്ല കാലം അവനു വേണ്ടി ഉദിക്കാതിരിക്കില്ല..
മടങ്ങാൻ നേരം വർഷ ഫാദറിനോട് പറഞ്ഞു, 'എല്ലാവരേയും കൂട്ടി കലോത്സവത്തിന് വരണം'. നാളെ വരുമോന്ന് നിന്നോടു ചോദിക്കുന്നു'- ഫാദർ പറഞ്ഞപ്പോൾ അവൻ തലകുലുക്കി: 'നാളെ ബർത്തിനി...'