വെഞ്ഞാറമൂട്: നിയന്ത്രണംവിട്ട മിനിലോറി ജെ.സി.ബിയിൽ ഇടിച്ച് റോഡിലേയ്ക്ക് മറിഞ്ഞു. സംസ്ഥാനപാതയിൽ വെഞ്ഞാറമൂട് ജംഗ്ഷനിൽ കഴിഞ്ഞ ദിവസം പുലർച്ചെ 1.30നായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും കിളിമാനൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന മിനിലോറി വെഞ്ഞാറമൂട് ജംഗ്ഷനിൽ ഫുട്പാത്ത് പണിയുമായി ബന്ധപ്പെട്ട് പാർക്ക് ചെയ്‌തിരുന്ന ജെ.സി.ബിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി റോഡിലേക്ക് മറിഞ്ഞു. ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ വാഹനത്തിലുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി ലോറി മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.