കിളിമാനൂർ: പൊതുവിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 'വിദ്യാലയം പ്രതിഭകളിലേക്ക്' എന്ന പദ്ധതി വ്യത്യസ്തമാർന്ന രീതിയിൽ സംഘടിപ്പിച്ചുകൊണ്ട് കിളിമാനൂർ ഗവ. എൽ.പി.എസിലെ കുരുന്നുകൾ മാതൃകയാകുന്നു. പദ്ധതിയുടെ ഭാഗമായി കിളിമാനൂരിന്റെ സ്വന്തം പാവക്കൂത്തു കലാകാരൻ അനിലിനെ കുട്ടികളുടെ നേതൃത്വത്തിൽ ആദരിച്ചു. പാവക്കളി എന്ന പ്രചീന കലയ്ക്ക് ആധുനികതയുടെ പരിവേഷം നൽകി പുനർജനിപ്പിക്കുന്ന അനിൽ പാവക്കൂത്ത് കലാകാരന്മാർക്കിടയിൽ വ്യത്യസ്തനാണ്. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ചരിത്രം കെട്ടിപ്പടുത്തുന്നതിൽ വലിയ പങ്കു വഹിച്ച കലാരൂപമാണ് പാവക്കൂത്ത്. ജാതിക്കും മതത്തിനുമപ്പുറം വിശാലമായ ലോക വീക്ഷണവും ചരിത്ര പശ്ചാത്തലവും പാവക്കൂത്തിനുണ്ടന്ന് അനിൽ അഭിപ്രായപ്പെടുന്നു. ഈ വർഷത്തെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയിൽ ഇരുന്നൂറിൽപ്പരം കലാരൂപങ്ങളെ പിന്നിലാക്കി അനിലിന്റെ പാവക്കൂത്തിന് ഒന്നാം സ്ഥാനം ലഭിക്കുകയും ചെയിതിരുന്നു. അതുകൊണ്ടുതന്നെ കുരുന്നുകൾ പാവക്കൂത്ത് കലാകാരനെ ആദരിക്കുന്നതിലേക്ക് തെരഞ്ഞെടുത്തത് മാതൃകാപരമായ പ്രവർത്തനമാണെന്ന് കിളിമാനൂർ ബി.പി.ഒ എം.എസ്. സുരേഷ്ബാബു പറഞ്ഞു. പ്രധാമാദ്ധ്യാപിക ടി.വി. ശാന്തകുമാരിഅമ്മ നേതൃത്വം നൽകിയ പരിപാടിയിൽ ബി.ആർ.സി കോഓർഡിനേറ്റർ സാജൻ, അദ്ധ്യാപകരായ നിസ, നജീമ, എം.സി. അഭിലാഷ്, എസ്.എം.സി ചെയർമാൻ രതീഷ് പോങ്ങനാട്, പി.ടി.എ അംഗം നൗഷാദ് എന്നിവർ പങ്കെടുത്തു.