general

ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ പണിക്കിടെ മുടവൂർപ്പാറ ഭാഗത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി. ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം. ജെ.സി.ബി കൊണ്ട് മണ്ണിട്ട് നികത്തവെയാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ്ലൈൻ പൊട്ടിയത്. രണ്ട് മണിക്കൂറോളം കുടിവെള്ളം പാഴായശേഷമാണ് അറ്റകുറ്റപ്പണികൾ നടത്തി കേടുപാട് പരിഹരിച്ചത്. ദേശീയപാതയിൽ പൈപ്പ്ലൈനിലെ അറ്റകുറ്റപ്പണികൾക്കായി രണ്ട് കോടിയോളം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. യു.എൽ.സി.എസിന്റെ നിർദ്ദേശ പ്രകാരം വാട്ടർ അതോറിറ്റിയാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. പണിക്കിടെയുണ്ടാകുന്ന ഇത്തരം വീഴ്ചകളിൽ യു.എൽ.സി.എസ് മുൻകൂറായി ജലവിഭവ വകുപ്പിന് തുക കൈമാറിയിട്ടുണ്ട്. മണ്ണിട്ട് നികത്തി ലെവൽ ആക്കിയശേഷം മാത്രമേ പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണികൾ വാട്ടർ അതോറിറ്റിക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. പൈപ്പ്ലൈൻ പൊട്ടിയതിനെ തുടർന്ന് മുടവൂർപ്പാറ,​ പാരൂർക്കുഴി ഭാഗങ്ങളിൽ ജലവിതരണം മുടങ്ങിയിരുന്നു.