തിരുവനന്തപുരം : കുടിവെള്ള വിതരണം നടത്തുന്ന ടാങ്കറുകൾ വ്യാപകമായി മലിനജലം വിതരണം ചെയ്യുന്നുവെന്ന പരാതിയെ തുടർന്ന് ടാങ്കർ ലോറികളെ നിയന്ത്രിക്കാൻ നഗരസഭ തയ്യാറെടുക്കുന്നു. ഇതിനായി പ്രത്യേക ബൈലാ പാസാക്കും. നഗരസഭ പരിധിയിൽ കുടിവെള്ള ടാങ്കറുകളിലൂടെ ഗുണനിലവാരമില്ലാത്ത വെള്ളം വിതരണം ചെയ്തത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മേയർ കെ. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നഗരപരിധിയിലെ ജനങ്ങൾക്ക് 24 മണിക്കൂറും ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പാക്കാനുള്ള ശ്രമമാണ് ഇതെന്ന് മേയർ കെ. ശ്രീകുമാർ വ്യക്തമാക്കി. വാട്ടർ അതോറിട്ടി, ഭക്ഷ്യസുരക്ഷാവകുപ്പ്, മോട്ടോർ വാഹനവകുപ്പ്, പൊലീസ്, ആരോഗ്യവകുപ്പ് എന്നിവയുടെ പ്രതിനിധികളും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
യോഗ തീരുമാനം
കുടിവെള്ള വിതരണത്തിനും നിർമ്മാണമേഖലയിലെ ജലവിതരണത്തിനുമുള്ള ടാങ്കറുകൾക്ക് ലൈസൻസ് ഏർപ്പെടുത്തും
ടാങ്കറുകളിലൂടെ വെള്ളം ലഭിക്കുന്നതിന് സ്മാർട്ട് ട്രിവാൻഡ്രം മൊബൈൽ ആപ്പിലൂടെയും വെബ്‌പോർട്ടലിലൂടെയും ബുക്ക് ചെയ്യാം
അക്ഷയകേന്ദ്രങ്ങൾ, നഗരസഭാ ഹെൽത്ത് സർക്കിൾ ഓഫീസുകൾ എന്നിവിടങ്ങളിലും ബുക്കിംഗിന് അവസരം
ഗാർഹികാവശ്യത്തിന് കുടിവെള്ള വിതരണം നടത്തുന്നതിന് ടാങ്കറുകളിൽ ഫ്‌ളോ മീറ്ററുകൾ ഘടിപ്പിക്കും
ടാങ്കറുകളിലൂടെയുള്ള ജലവിതരണത്തിന്റെ ഫീസ് ഓൺലൈൻ സംവിധാനത്തിലൂടെ നഗരസഭ സ്വീകരിക്കും
വാട്ടർ അതോറിട്ടി, ടാങ്കർ ഉടമകൾ എന്നിവർക്ക് ലഭിക്കേണ്ട തുക അവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്യും
നടത്തിപ്പിനായി നഗരസഭ പ്രത്യേക സോഫ്റ്റ് വെയർ സജ്ജമാക്കും