vanchiyoor-court-protes

തിരുവനന്തപുരം/കൊച്ചി: വാഹനാപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയെന്നാരോപിച്ച് മജിസ്ട്രേട്ട് ദീപ മോഹനെ കൂക്കി വിളിച്ച് അവഹേളിച്ച കേസിൽ വഞ്ചിയൂർ പൊലീസ് കണ്ടാലറിയാവുന്ന ബാർ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസെടുത്തു. ദീപ മോഹൻ നൽകിയ പരാതി ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് വഞ്ചിയൂർ പൊലീസിന് കെെമാറിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവം സംബന്ധിച്ച് ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട്‌ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചു.

അതിനിടെ, വഞ്ചിയൂർ കോടതിയിലെ സംഭവങ്ങൾ സബോർഡിനേറ്റ് ജുഡിഷ്യറിയുടെ അന്തസും മനോവീര്യവും കെടുത്തുന്നതാണെന്നും പ്രശ്നത്തിൽ ഹൈക്കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് കീഴ്കോടതി ജഡ്ജിമാരുടെ സംഘടനയായ കേരള ജുഡിഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നിവേദനം നൽകി.

നിസാര വകുപ്പുകൾ ‌
അന്യായമായി സംഘം ചേർന്ന് ലഹള ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റമാണ് അഭിഭാഷകർക്കെതിരെ ചുമത്തിയിട്ടുളളത്. എല്ലാം ജാമ്യം ലഭിക്കുന്ന നിസാര വകുപ്പുകളാണ്. പ്രതിയുടെ ജാമ്യം റദ്ദാക്കി പ്രതിയെ മജിസ്ട്രേട്ട് റിമാൻഡ് ചെയ്തെന്ന് ആരോപിച്ച് ബുധനാഴ്ചയാണ് അഭിഭാഷകർ ബാർ അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ സംഘം ചേർന്ന് മജിസ്ട്രേട്ടിനെ അവഹേളിച്ചത്. ചേംബറിൽ നിന്നു പുറത്തേക്കു വന്ന മജിസ്ട്രേട്ടിനെ അഭിഭാഷകർ കൂക്കി വിളിക്കുകയായിരുന്നു. ഇതിനെതിരെ മജിസ്ട്രേട്ട്‌ ദീപ മോഹൻ സി.ജെ.എമ്മിന് ഉടൻ പരാതിയും നൽകിയെങ്കിലും അത് ബുധനാഴ്ച തന്നെ പൊലീസിന് കെെമാറാൻ സി.ജെ.എം തയ്യാറായില്ല. തുടർന്ന് ജുഡിഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ ഈ വിഷയം ഏറ്റെടുക്കുകയും ശക്തമായി പ്രതികരിക്കാൻ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സി.ജെ.എം പരാതി ഇന്നലെ പൊലീസിന് കെെമാറിയത്. മജിസ്ട്രേട്ട്‌ ദീപ മോഹനോടുള്ള പ്രതിഷേധ സൂചകമായി അഭിഭാഷകർ അവരുടെ കോടതി ഇന്നലെ മുതൽ ബഹിഷ്കരിച്ചു. അഭിഭാഷകർ ഹാജരാകാത്ത കേസുകളിലെ പ്രതികളുടെ ജാമ്യം മജിസ്ട്രേട്ടും റദ്ദ് ചെയ്തുകൊണ്ടിരിക്കുകയാണ്.