nimisha-fathima

തിരുവനന്തപുരം : 'മൂന്ന് വർഷത്തിനു ശേഷം കഴിഞ്ഞ രണ്ടു ദിവസമായാണ് ഞാൻ സ്വസ്ഥത അനുഭവിക്കുന്നത്. അഫ്ഗാനിസ്ഥാനിലേക്ക് പോയവരാരും മടങ്ങിവന്നിട്ടില്ല. പക്ഷേ എന്റെ പ്രാർത്ഥന ദൈവം കേട്ടു. അവളുടെ വരവിനായി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ്. ഡൽഹിയിൽ അവളെത്തുമ്പോൾ ഞാനവിടെയുണ്ടാകും. ഇഷ്ടപ്പെട്ട ഭക്ഷണവും വസ്ത്രങ്ങളും വാങ്ങി നൽകും'.- ഐസിസിൽ ചേരാൻ ഭർത്താവിനൊപ്പം മൂന്ന് വർഷം മുമ്പ് പോയ ആറ്റുകാൽ സ്വദേശി നിമിഷയുടെ (ഫാത്തിമ) അമ്മ ബിന്ദുവിന്റെ വാക്കുകളാണിത്.

ഐ.എസ് തലവൻ ബാഗ്ദാദി കൊല്ലപ്പെട്ടതിന് പിന്നാലെ ഒരുസംഘം ഐസിസ് ഭീകരർ അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയിരുന്നു. ഇവരുടെ ചിത്രങ്ങൾ എൻ.ഐ.എ അഞ്ചു ദിവസം മുമ്പ് ബിന്ദുവിന് നൽകി. ഇതിൽ നിന്നാണ് മകൾ നിമിഷയെയും മരുമകൻ ബെക്സിൻ വിൻസന്റ് എന്ന ഈസയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞത്. മകൾ പർദ്ദ ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായില്ല. പർദ്ദ ധരിച്ച യുവതിയുടെ മടിയിലായിരുന്നു കുഞ്ഞ്. എന്നാൽ മരുമകനെ കൃത്യമായി തിരിച്ചറിഞ്ഞു. ഇക്കാര്യം എൻ.ഐ.എ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. മകൾ ഉടൻ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുകയാണ് ബിന്ദു.

തീവ്രവാദ സംഘടനയിൽ ചേർന്ന മകളെയും കുടുംബത്തെയും സ്വീകരിക്കുന്നത് ചോദ്യം ചെയ്ത് രംഗത്തെത്തിയവർക്ക് കൃത്യമായ മറുപടിയും ബിന്ദു നൽകി. എന്റെ മകളും കുടുംബവും എന്നോടൊപ്പം ആറ്റുകാലിലെ വീട്ടിൽ താമസിക്കും. അത് പറ്റില്ലെന്ന് പറയാൻ ആർക്കും അവകാശമില്ല. എന്റെ മകളെയും കുടുംബത്തെയും ഐസിസിലേക്ക് റിക്രൂട്ട് ചെയ്തത് എറണാകുളത്തെ പീസ് ഇന്റർനാഷണൽ സ്ക്കൂളിന്റെ തലപ്പത്ത് ഇരിക്കുന്നവരാണ്. അങ്ങനെയെങ്കിൽ അവരെ ആദ്യം നാടുകടത്തണം. അതിനു ശേഷം മതി എന്റെ മകൾക്കെതിരെ ശബ്ദമുയർത്തുന്നത്, ബിന്ദു പറഞ്ഞു. എൻ.ഐ.എ കേസ് അന്വേഷിച്ചതുകൊണ്ടാണ് മകളെ തനിക്ക് തിരിച്ചു കിട്ടുന്നത്. എൻ.ഐ.എയുടെ ഭാഗത്തുനിന്നും നല്ലരീതിയിലുള്ള സഹകരണമാണ് ലഭിക്കുന്നതെന്നും അവർ വ്യക്തമാക്കി.

2016 ജൂലൈയിലാണ് നിമിഷയെ കാണാനില്ലെന്ന പരാതിയുമായി അമ്മ ബിന്ദു രംഗത്തെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവിനൊപ്പം മതപരിവർത്തനം നടത്തി ഫാത്തിമയെന്ന പേരിൽ ഐസിസിൽ ചേരാൻ നിമിഷ പോയതായി സ്ഥിരീകരിച്ചത്.