ആറ്റിങ്ങൽ: ആലംകോട് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും ആലംകോട് ജംഗ്ഷനിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ രണ്ടുവിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പ്ലസ് ടു വിദ്യാർത്ഥികളായ ചാത്തമ്പറ സ്വദേശി അർജ്ജുൻ (17)​,​ മുടപുരം സ്വദേശി ഭുവൻറാം (17)​ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ അർ‌ജ്ജുനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഭുവൻറാം കെ.ടി.സി.ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. കഴിഞ്ഞവർഷം സ്‌കൂളിൽ നിന്നിറങ്ങിയ വിദ്യാർത്ഥികളും ഇക്കൊല്ലം പ്ലസ് ടുവിന് പഠിക്കുന്നവരും തമ്മിലുണ്ടായ വാക്കേറ്റമാണ് അടിപിടിയിൽ കലാശിച്ചത്. സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനുനേരെ വിദ്യാർത്ഥികൾ കല്ലെറിഞ്ഞു. സംഘർഷത്തെ തുടർന്ന് ആലംകോട് ടൗണിൽ ഗതാഗതം സ്‌തംഭിച്ചു.