തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന കർഷക പുരസ്‌കാരങ്ങളിൽ മികച്ച ഗ്രൂപ്പ് ഫാമിംഗ് സമിതിക്കുള്ള മിത്രാനികേതൻ പത്മശ്രീ കെ.വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡിന് തൃശൂർ പള്ളിപ്പുറം ആലപ്പാട് പാടശേഖര സമിതിയെ തിരഞ്ഞെടുത്തു. മികച്ച കർഷകനുള്ള സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡിന് ഇടുക്കി പാമ്പാടുംപാറ സ്വദേശി ബിജുമോൻ ആന്റണി അർഹനായി. മന്ത്രി വി.എസ് സുനിൽകുമാറാണ് വാർത്താസമ്മേളനത്തിൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
ഹരിപ്പാട് പാലകുളങ്ങരമഠം സ്വദേശിനി വി.വാണിയാണ് മികച്ച യുവകർഷക. ജ്ഞാന ശരവണനാണ് (മീനാക്ഷിപുരം, പാലക്കാട്/പെരുമാട്ടി) മികച്ച യുവകർഷകൻ. മികച്ച തെങ്ങു കർഷകനുള്ള കേരകേസരി പുരസ്‌കാരം വേലായുധനും (നല്ലംപുരയ്ക്കൽ, പൊക്കംതോട്, എടിപ്പുകുളം, പാലക്കാട്) മികച്ച പച്ചക്കറി കർഷകനുള്ള ഹരിതമിത്ര പുരസ്‌കാരം ശുഭകേസനും (ശ്രുതിലയം, കഞ്ഞിക്കുഴി, ആലപ്പുഴ) സ്വന്തമാക്കി. സ്വപ്ന സുലൈമാൻ (ഉദ്യാനശ്രേഷ്ഠ), മാധവൻ എം (കർഷകജ്യോതി), ബിൻസിവ ജെയിംസ്, ഖദീജ മുഹമ്മദ് (കർഷകതിലകം), മുഹമ്മദ് ഹുസൈൻ (ശ്രമശക്തി), ഡോ. സി.ആർ. എൽസി (കൃഷിവിജ്ഞാൻ) എന്നിവരും പുരസ്‌കാരങ്ങൾക്ക് അർഹരായി.
മികച്ച നീർത്തട പദ്ധതി നടപ്പിലാക്കിയ ഗ്രാമപഞ്ചായത്തിനുള്ള ക്ഷോണിരത്‌ന പുരസ്‌കാരം പായം പഞ്ചായത്തിനാണ് (ഇരിട്ടി, കണ്ണൂർ). കാർഷിക പ്രവർത്തനങ്ങൾ നടത്തുന്ന മികച്ച റസിഡന്റ്‌സ് അസോസിയേഷനായി സമന്വയം റസിഡന്റ്‌സ് അസോസിയേഷനെ (പടിഞ്ഞാറ്റിൻപായ്, ചേലേമ്പ്ര, മലപ്പുറം) തിരഞ്ഞെടുത്തു. ചന്ദ്രകുമാറാണ് മികച്ച ഹൈടെക് ഫാർമർ (എസ്.ഡി, പവിഴം, വെടിവച്ചാൻകോവിൽ, തിരുവനന്തപുരം). ശിഖ ലുബ്‌ന (അസംഷൻ എ.യു.പി.എസ്, വയനാട്), റോണ റെജി (സെന്റ് മേരീസ് എച്ച്.എസ്.എസ്, അങ്ങാടിപ്പുറം), ജോസ് പോൾ ബിജു (ശോഭന ഇ.എം.എച്ച്.എസ്, എറണാകുളം) എന്നിവർ പച്ചക്കറി കൃഷി നടത്തുന്ന മികച്ച വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരങ്ങൾ നേടി. മികച്ച കാർഷിക പ്രവർത്തനത്തിനുള്ള 47ഓളം പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്.