youth-

തിരുവനന്തപുരം: സംസ്ഥാനത്ത് യൂത്ത് കോൺഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നതിനെ ചൊല്ലി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ ഭിന്നധ്രുവങ്ങളിൽ നിൽക്കെ, തർക്ക പരിഹാരത്തിനായി യൂത്ത് കോൺഗ്രസിന്റെ ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറൽസെക്രട്ടറി കൃഷ്ണ അല്ലവരുവിനെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ചുമതലപ്പെടുത്തി. ഇന്നലെ കേരളത്തിൽ നിന്നുള്ള എം.പിമാർ കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും സോണിയയുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തിയാണ് കേരളത്തിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന നിർദ്ദേശം വച്ചത്.

തിരഞ്ഞെടുപ്പ് നടത്തുന്നതിനോട് നേരത്തേ അനുകൂല നിലപാടിലായിരുന്ന സോണിയാ ഗാന്ധിക്കു മുന്നിൽ കേരളത്തിലെ സവിശേഷ സാഹചര്യങ്ങൾ എം.പിമാർ ചൂണ്ടിക്കാട്ടി. രാഹുൽഗാന്ധിയോടും കാര്യങ്ങൾ വിശദീകരിച്ചു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് കേരളം നീങ്ങാനിരിക്കെ, ഇപ്പോൾ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് നടത്തുന്നത് പാർട്ടിയുടെ സംഘടനാസംവിധാനത്തെ ദോഷമായി ബാധിക്കുമെന്നാണ് എം.പിമാർ വിശദീകരിച്ചത്. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിന്റെ നിലപാടുകളും സോണിയ വിശദമായി കേട്ടു. എം.പിമാരുടെ വിശദീകരണത്തിനുശേഷം മുൻനിലപാടിൽ നിന്ന് സോണിയ അല്പം അയഞ്ഞതായാണ് കേരള നേതാക്കളുടെ വിലയിരുത്തൽ. പ്രശ്നപരിഹാരത്തിന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയത് അതിന്റെ സൂചനയായി അവർ കാണുന്നു.

ഇരുകൂട്ടരും നിലപാടുകളിൽ ഉറച്ചുനീങ്ങുന്ന സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിനും വിഷയം അഭിമാനപ്രശ്നമായി മാറിയിട്ടുണ്ട്. പിറകോട്ട് പോകാൻ അവർ അതുകൊണ്ടുതന്നെ ആഗ്രഹിക്കുന്നില്ല. അതിനാൽ ഇരു പക്ഷത്തിനും കോട്ടം തട്ടാത്ത പരിഹാരഫോർമുലയാണ് കൃഷ്ണ അല്ലവരുവിനോട് സോണിയ തേടിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് മാറ്റി വച്ചാലും യൂത്ത് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് തിരിച്ചടിയായെന്ന വ്യാഖ്യാനത്തിന് ഇട കൊടുക്കാതെ വേണം പരിഹാരഫോർമുല കണ്ടെത്താൻ.

അതിനിടെ, തിരഞ്ഞെടുപ്പ് നടപടിയിലുറച്ച് മുന്നോട്ടുപോകുന്ന യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഡിസംബർ എട്ടുവരെ നീട്ടി. സമയപരിധി കഴിഞ്ഞ ദിവസം അർദ്ധരാത്രി അവസാനിച്ചിട്ടും കേരളത്തിൽ നിന്നാരും പത്രിക നൽകാതെ നിസഹകരിച്ച് നിൽക്കുന്ന പശ്ചാത്തലത്തിലാണ് ഡിസംബർ എട്ടുവരെ നീട്ടിയത്. പഞ്ചാബിൽ ഡിസംബർ ഏഴിന് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിട്ടുണ്ട്. കേരളത്തിലേതിന് സമാനമായ നിലപാടാണ് അവിടെയും പി.സി.സി നേതൃത്വം ഉൾപ്പെടെ സ്വീകരിച്ചിരിക്കുന്നത്. അവിടെയും തിരഞ്ഞെടുപ്പ് നടക്കുമോയെന്ന് ഉറപ്പില്ലാത്ത സ്ഥിതിയാണ്.