nithin-raj

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു യൂണിറ്റ് ജോയിന്റ് സെക്രട്ടറിയെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചെന്ന് പരാതി. പരിക്കേറ്റ എം.എ ഹിസ്റ്ററി രണ്ടാം വർഷ വിദ്യാർത്ഥി നിതിൻരാജിനെ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനത്തിന് നേതൃത്വം നൽകിയ മഹേഷ് എന്ന വിദ്യാർത്ഥിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ബുധനാഴ്‌ച രാത്രിയാണ് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ഒരു സംഘം നിതിൻരാജിനെ മർദ്ദിച്ചത്. നിതിൻരാജിന്റെ മുറിയിലെത്തി ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി മർദ്ദിക്കുകയായിരുന്നെന്നാണ് പരാതി. നിതിന്റെ മുഖത്തും കഴുത്തിലും കൈയ്ക്കും മർദ്ദനമേറ്റു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും മുഴുവൻ പേരെയും പിടികൂടണമെന്നും കെ.എസ്.യു നേതാക്കൾ ആവശ്യപ്പെട്ടു. മെഡിക്കൽകോളേജിൽ ചികിത്സയിൽ കഴിയുന്ന നിതിൻരാജിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. കുറ്റക്കാരായ എസ്.എഫ്‌.ഐക്കാർക്കെതിരെ കർശന നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അടിസ്ഥാന രഹിതമെന്ന് എസ്.എഫ്.ഐ

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടന്ന പ്രശ്നങ്ങളുടെ പേരിൽ എസ്.എഫ്.ഐക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. എസ്.എഫ്.ഐയുടെ അംഗത്വമുള്ള ആർക്കും സംഭവവുമായി ബന്ധമില്ല. ഹോസ്റ്റലിലുണ്ടായ അടിപിടിയെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുമെന്നും ജില്ലാ പ്രസിഡന്റ് ജെ.ജെ. അഭിജിത്ത്, സെക്രട്ടറി റിയാസ് വഹാബ് എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.