ബാഴ്സലോണ : ക്ളബിനായി 700-ാം മത്സരത്തിനിറങ്ങിയ സൂപ്പർ സ്റ്റാർ ലയണൽ മെസി സ്കോർ ചെയ്തപ്പോൾ ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട് മുണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി ബാഴ്സലോണ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടർ ബർത്ത് ഉറപ്പിച്ചു.
ഗ്രൂപ്പ് എഫിൽ അഞ്ച് മത്സരങ്ങളിൽനിന്ന് 11 പോയിന്റ് സ്വന്തമാക്കിയാണ് ബാഴ്സലോണ നോക്കൗട്ടിലേക്ക് ടിക്കെറ്റടുത്തിരിക്കുന്നത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ 29-ാം മിനിട്ടിൽ ലൂയിസ് സുവാരേസിലൂടെയാണ് ബാഴ്സ സ്കോറിംഗ് തുടങ്ങിയത്. 33-ാം മിനിട്ടിൽ മെസി ഗോളടിച്ചു. 67-ാം മിനിട്ടിൽ ഗ്രീസ് മാനും വല കുലുക്കി. 77-ാം മിനിട്ടിൽ സാഞ്ചോയാണ് ബൊറൂഷ്യയുടെ ആശ്വാസഗോൾ നേടിയത്.
അതേസമയം ഗ്രൂപ്പ് എഫിൽനിന്ന് പ്രീക്വാർട്ടർ ബർത്ത് ലഭിക്കുന്ന രണ്ടാമൻമാരെ അറിയാൻ അവസാന ഗ്രൂപ്പ് മത്സരം വരെ കാത്തിരിക്കണം. കഴിഞ്ഞ രാത്രി ബൊറൂഷ്യ തോറ്റതോടെ സിൽവിയ പ്രാഹയെ 3-1ന് കീഴടക്കി, അഞ്ച് കളികളിൽ നിന്ന് ഏഴ് പോയിന്റായ ഇന്റർമിലാൻ രണ്ടാംസ്ഥാനത്തേക്ക് ഉയർന്നു. ഏഴ് പോയിന്റുള്ള ബൊറൂഷ്യ ഗോൾ ശരാശരിയിൽ മൂന്നാമതാണ്. ഡിസംബർ രണ്ടാംവാരം ബൊറൂഷ്യ സ്ളാവിയയെയും ഇന്റർ ബാഴ്സയെയും നേരിടുമ്പോളെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാർ ആരെന്ന് ഉറപ്പാകൂ.
ഗ്രൂപ്പ് എച്ചിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ വലൻസിയയെ 2-2ന് സമനിലയിൽ തളച്ച ഇംഗ്ളീഷ് ക്ളബ് ചെൽസിക്കും പ്രീക്വാർട്ടർ ബർത്ത് ഉറപ്പിക്കാനായിട്ടില്ല. ചെൽസിക്കും വലൻസിയയ്ക്കും എട്ട് പോയിന്റാണുള്ളത്. ഡച്ച് ക്ളബ് അയാക്‌സ് ഒന്നാംസ്ഥാനത്തുള്ള ഗ്രൂപ്പ് എച്ചിൽ ചെൽസി രണ്ടാമതും വലൻസിയ മൂന്നാമതുമാണ്. അവസാന ഗ്രൂപ്പ് മത്സരത്തിൽ വലൻസിയ അയാക്‌സിനെയും ചെൽസി ലില്ലെയെയുമാണ് നേരിടുന്നത്.
ഇഞ്ചോടിഞ്ച് പോരാട്ടമാണ് കഴിഞ്ഞരാത്രി ചെസിയും വലൻസിയയും തമ്മിൽ നടന്നത്. വലൻസിയയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ആതിഥേയർ 40-ാം മിനിട്ടിൽ കാർലോസ് സോളറിലൂടെ മുന്നിലെത്തിയപ്പോൾ 41-ാം മിനിട്ടിൽ കൊവാസിച്ചിലൂടെ ചെൽസി തിരിച്ചടിച്ചു. 50-ാം മിനിട്ടിൽ പുലിസിച്ചിലൂടെ ചെൽസി ലീഡു നേടിയപ്പോൾ ഡാനിയേൽ വാസിലൂടെ വലൻസിയ 82-ാം മിനിട്ടിൽ കളി സമനിലയിലാക്കി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ അയാക്‌സ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ലില്ലെയെ കീഴടക്കിയാണ് ഒന്നാംസ്ഥാനം സുരക്ഷിതമാക്കിയത്.
നേരത്തെതന്നെ പ്രീക്വാർട്ടർ ബർത്ത് ഉറപ്പിച്ചിരുന്ന ലിവർപൂൾ കഴിഞ്ഞ രാത്രി 1-1ന് ഇറ്റാലിയൻ ക്ളബ് നാപ്പോളിയോട് സമനിലയിൽ പിരിഞ്ഞു. 21-ാം മിനിട്ടിൽ മെർട്ടൻസിലൂടെ നാപ്പോളിയാണ് ആദ്യം സ്കോർ ചെയ്തത്. 65-ാം മിനിട്ടിൽ ലോറെനാണ് ഇംഗ്ളീഷ് ക്ളബിന് സമനില നൽകിയത്.
മത്സരഫലങ്ങൾ
ബാഴ്സലോണ 3-ബൊറൂഷ്യ 1
സാൽസ് ബർഗ് 4-ജെൻക്..............
അയാക്‌സ് 2- ലിലെ 0
ലിവർപൂൾ 1-നാപോളി 0
ലെയ്‌പ്‌സിഗ് 2-ബെൻഫിക്ക 2
ഇന്റർമിലാൻ 3-സ്ളാവിയ പ്രാഹ 1
ചെൽസി 2-വലൻസിയ 2
പോയിന്റ് നില
(ക്ളബ്, കളി, പോയിന്റ് ക്രമത്തിൽ)
ഗ്രൂപ്പ് ഇ
ലിവർപൂൾ 5-10
നാപ്പോളി 5-9
സാൽസ് ബർഗ് 5-7
ജെൻക് 5-1
ഗ്രൂപ്പ് എഫ്
ബാഴ്സലോണ 5-11
ഇന്റർമിലാൻ 5-7
ഡോർട്ട് മുണ്ട് 5-7
സ്ളാവിയ 5-2
ഗ്രൂപ്പ് ജി
ലെയ്‌പ്‌സിഗ് 5-10
സെനിത്ത് 5-7
ലിയോൺ 5-7
ബെൻഫിക്ക 5-4
ഗ്രൂപ്പ് എച്ച്
അയാക്‌സ് 5-10
ചെൽസി 5-8
വലൻസിയ 5-8
ലില്ലെ 5-1
700
ബാഴ്സലോണയ്ക്ക് വേണ്ടി ലയണൽ മെസി കളിച്ച 700-ാമത് മത്സരമായിരുന്നു ബൊറൂഷ്യയ്ക്കെതിരായത്.
13
ഗ്രൂപ്പ് ജേതാക്കളായി തുടർച്ചയായ 13-ാം തവണയാണ് ബാഴ്സലോണ ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിലെത്തുന്നത്.
34
വ്യത്യസ്ത ക്ളബുകൾക്കെതിരെ ചാമ്പ്യൻസ് ലീഗിൽ മെസി ഗോളടിച്ചു.