തിരുവനന്തപുരം: വേദ മന്ത്ര ജപങ്ങളാൽ മുഖരിതമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപത്തിന്റെ രണ്ടാം മുറയ്ക്ക് ഇന്ന് തുടക്കമാകും. രാവിലെ 6.30ന് മന്ത്രോച്ചാരണം ആരംഭിക്കും. ജലജപത്തോടെയാണ് ജപത്തിന് തുടക്കമാകുക. വേദപണ്ഡിതരെല്ലാം ക്ഷേത്രതന്ത്രിയുടെ നേതൃത്വത്തിൽ പദ്മതീർത്ഥത്തിലാണ് ജലജപം നടത്തുന്നത്. തുടർന്ന് വേദജപം, മന്ത്രജപം, സഹസ്രനാമജപം, ജലജപം എന്നിങ്ങനെയുള്ള ഉപാസനകൾ മുറപോലെ നടക്കും. രണ്ടാംമുറ ഡിസംബർ 6ന് അവസാനിക്കും. 8 ദിവസം വീതമുള്ള 7 വേദജപങ്ങൾ ചേർന്നതാണ് ഒരു മുറജപം.
മുറജപത്തിന്റെ ആദ്യമുറ ഇന്നലെ രാത്രി പൊന്നുംശീവേലിയോടെ സമാപിച്ചു. രാത്രി 8.15ന് കൊടിമരച്ചുവട്ടിൽ ശീവേലിവിഗ്രഹങ്ങളെ എഴുന്നള്ളിച്ചു. കനകനിർമ്മിതമായ അനന്തവാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയുടെയും ഇരുവശത്തും വെള്ളിയിൽ നിർമ്മിച്ച അനന്തവാഹനങ്ങളിൽ തെക്കേടത്ത് നരസിംഹമൂർത്തി, തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമി എന്നീ വിഗ്രഹങ്ങളും എഴുന്നള്ളിച്ചു. അകത്തെ പ്രവൃത്തിക്കാർ വിഗ്രഹങ്ങൾക്ക് മുമ്പിൽ ഉടവാളേന്തി നീങ്ങി. പിന്നാലെ രാജകുടുംബത്തിലെ ക്ഷേത്രംസ്ഥാനിയെ പ്രതിനിധീകരിച്ച് ക്ഷേത്രകാര്യം പോറ്റി എന്ന സ്ഥാനപ്പേരുള്ള ഊരുമഠം മൂപ്പിൽ സ്ഥാനി എസ്. ഗോപാലകൃഷ്ണരു വിഗ്രഹങ്ങൾക്ക് അകമ്പടിയായി. പുല ഉള്ളതിനാൽ കവടിയാർ കൊട്ടാരത്തിലെ സ്ഥാനി മൂലംതിരുനാൾ രാമവർമ്മയും രാജകുടുംബാംഗങ്ങളും ആചാരപ്രകാരം മുറശീവേലിയിൽ പങ്കെടുത്തില്ല. ഇരുവശത്തും ഉദ്യോഗസ്ഥരും യോഗത്തിൽ പോറ്റിമാരും നിരന്നു. മുറജപത്തിൽ പങ്കെടുക്കുന്ന വൈദികർ എഴുന്നള്ളത്തിന് പിന്നാലെ വേദമന്ത്രങ്ങളും നാരായണനാമവുമായി തൊഴുകൈകളോടെ നീങ്ങി. ശീവേലിപ്പുരയുടെ ഇരുവശത്തും സന്ധ്യയ്ക്ക് തന്നെ മുറശീവേലി തൊഴാൻ ഭക്തർ കാത്തിരുന്നു. ശബരിമല തീർത്ഥാടകരും അന്യസംസ്ഥാനക്കാരായ തീർത്ഥാടകരും ചേർന്നപ്പോൾ ക്ഷേത്രമതിലകം ഭക്തജനങ്ങളാൽ നിറഞ്ഞു. മൂന്ന് പ്രദക്ഷിണത്തോടെയാണ് ശീവേലി അവസാനിച്ചത്. മൂന്നാം മുറജപം ഡിസംബർ ഏഴിനാണ് തുടങ്ങുന്നത്. ഇത് 14ന് സമാപിക്കും. 15ന് തുടങ്ങുന്ന നാലാം മുറജപം 22നും, 23ന് തുടങ്ങുന്ന അഞ്ചാം മുറജപം 30നും അവസാനിക്കും. ഡിസംബർ 31ന് തുടങ്ങുന്ന ആറാം മുറജപം ജനുവരി 7ന് സമാപിക്കും. 8ന് ആരംഭിക്കുന്ന അവസാനത്തെ ഏഴാം മുറജപം 15ന് അവസാനിക്കും. ഉത്തരായന ആരംഭവും മകരം ഒന്നും ചേർന്ന 15നാണ് ലക്ഷദീപം.