തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിനെ ഹോസ്റ്റലിൽ എസ്.എഫ്‌.ഐക്കാർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പഠിപ്പുമുടക്ക് സമരത്തിന് നേതൃത്വം നൽകിയ മൂന്ന് കെ.എസ്.യു പ്രവർത്തകർക്ക് സസ്‌പെൻഷൻ. സമരത്തിനിറങ്ങാൻ വിസമ്മതിച്ച വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന പരാതിയിലാണ് സസ്‌പെൻഷൻ. ഒന്നാം വർഷ ബി.എ ഇക്കണോമിക്‌സിലെ പി.ടി. അമൽ, രണ്ടാം വർഷ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയിലെ ബോബൻ, രണ്ടാം വർഷ ബി.എ പൊളിറ്റിക്കൽ സയൻസിലെ എസ്. അച്യുത് എന്നിവരെയാണ് പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്തത്. ബുധനാഴ്ച രാത്രി പാളയത്തെ കോളേജ് ഹോസ്റ്റലിൽ കെ.എസ്.യു എക്‌സിക്യൂട്ടിവ് അംഗമായ നിതിൻരാജിനെ എസ്.എഫ്‌.ഐ സംഘം മർദ്ദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു പഠിപ്പുമുടക്ക് സമരം.
ഇതിന് പിന്നാലെയാണ് മൂന്ന് കെ.എസ്.യുക്കാർ മർദ്ദിച്ചുവെന്ന പേരിൽ ബി.എ മലയാളത്തിലെ വിദ്യാർത്ഥിയെക്കൊണ്ട് എസ്.എഫ്‌.ഐക്കാർ പ്രിൻസിപ്പലിന് പരാതി നൽകിയത്. കെ.എസ്.യുക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്‌.ഐക്കാർ പ്രിൻസിപ്പലിനെ ഉപരോധിച്ചു. തുടർന്നാണ് മൂന്നുപേരെ സസ്‌പെൻഡ് ചെയ്തുകൊണ്ട് ഓഫീസിൽ നിന്ന് മൈക്കിലൂടെ പ്രഖ്യാപിച്ചത്. സ്റ്റാഫ് കൗൺസിൽ തീരുമാനപ്രകാരമാണ് സസ്‌പെൻഷൻ. ചില പെൺകുട്ടികളിൽ നിന്ന് എസ്.എഫ്‌.ഐക്കാർ പരാതി എഴുതി വാങ്ങിയതായി കെ.എസ്.യുക്കാർ ആരോപിക്കുന്നു.