തിരുവനന്തപുരം : പി.എം.ജിയിൽ ഇരുനിലവീട്ടിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ് . വികാസ് ലെയ്നിലെ വിഎൽ 5ൽ താമസിച്ചിരുന്ന നെയ്യാറ്റിൻകര പെരുമ്പഴുതൂർ തൊഴുക്കൽ തെക്കേതോട്ടത്തിൽ സ്റ്റാൻലി ജോസാണു (66) മരിച്ചതെന്നു സ്ഥിരീകരിച്ചു. ബിസിനസുകാരനായിരുന്ന ഇദ്ദേഹം 10 വർഷമായി കാൻസർ ചികിത്സയിലായിരുന്നു.ഭാര്യയും മകളും ഏതാനും ദിവസം മുൻപ് ബാങ്കോക്കിലേക്കു പോയതിനാൽ സ്റ്റാൻലി തനിച്ചായിരുന്നു.ബുധനാഴ്ച രാത്രി 9.30ന് വീടിന്റെ മുകൾ നിലയിൽ നിന്ന് തീയും പുകയും വരുന്നതുകണ്ട് നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസും ഫയർഫോഴ്സുമാണ് തീ കെടുത്തിയത്. കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കട്ടിലും മുറിയുടെ ഉൾവശവും കത്തിയമർന്നു. മാനസികവിഷമത്തെ തുടർന്ന് പെട്രോളൊഴിച്ചു തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. ഭാര്യ: റിട്ട. കെ.എസ്.ഇ.ബി അസി. എൻജിനീയർ ജയലത. മകൾ ജനീഷ. ഇരുവരും ഉടൻ നാട്ടിലെത്തും.