തിരുവനന്തപുരം: ഗാന്ധിജിയുടെ ആത്മാവിനെ ഇല്ലാതാക്കിയവരാണ് കോൺഗ്രസുകാരെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി നേമം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച് ഒ. രാജഗോപാൽ എം.എൽ.എ നയിച്ച ഗാന്ധി സങ്കല്പ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൂജപ്പുരയിൽ നിന്നാരംഭിച്ച ഗാന്ധി സങ്കല്പ യാത്ര മുൻ ഡി.ജി.പി ടി.പി. സെൻകുമാറാണ് ദേശീയപതാക ഒ. രാജഗോപാൽ എം.എൽ.എയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തത്. തിരുമല ജംഗ്ഷനിൽ യാത്ര സമാപിച്ചു. നേമം മണ്ഡലം പ്രസിഡന്റ് തിരുമല അനിൽ അദ്ധ്യക്ഷനായി. ദേശീയ സമിതി അംഗം കരമന ജയൻ, ഒ.ബി.സി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പുഞ്ചക്കരി സുരേന്ദ്രൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, പൂന്തുറ ശ്രീകുമാർ, ബീന .ആർ.സി, പാപ്പനംകോട് സജി, എം.ആർ. ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.
ആധുനിക സമൂഹത്തിൽ ഗാന്ധിജിയുടെ പ്രസക്തി വിളിച്ചോതിക്കൊണ്ടും ഗാന്ധിജിയുടെ ആദർശം ഓരോ വ്യക്തിയിലും സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരമാണ് രാജ്യത്തുടനീളം ഗാന്ധി സങ്കല്പ യാത്ര നടക്കുന്നത്.