ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ നിന്നും തടി ഉരുപ്പടികൾ മോഷണം പോകുന്നതായി പരാതി. ആശുപത്രിയിൽ നിർമ്മാണം നടക്കുന്ന ഹെറിറ്റേജ് കെട്ടിടത്തിൽ നിന്നാണ് തേക്കുംതടികൾ മോഷണം പോകുന്നത്. ഇന്നലെ കടത്താൻ ആശുപത്രിയിലെ പിറകുവശത്തെ മതിൽക്കെട്ടിന് സമീപം സൂക്ഷിച്ചിരുന്ന പത്തോളം തേക്കിൻ പലകകൾ കണ്ടപ്പോഴാണ് മോഷണ വിവരം പുറംലോകമറിയുന്നത്. ആശുപത്രിയിലെ പഴയ കെട്ടിടമാണ് 1.2 കോടി രൂപ ചെലവഴിച്ച് ഇപ്പോൾ പുതുക്കി പണിയുന്നത്. പണി ആരംഭിച്ചിട്ട് ഒരു വർഷമായി. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പഴയ കെട്ടിടത്തിൽ നിന്ന് ഇളക്കിമാറ്റി സൂക്ഷിക്കുന്ന തടികൾ ആണ് രാത്രികാലങ്ങളിൽ മോഷണം പോകുന്നത്. ഇതിനകം തന്നെ രണ്ടുലക്ഷം രൂപയുടെ തടികൾ മോഷണം പോയതായി കരാറുകാരൻ ചിറയിൻകീഴ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിനു പിന്നിൽ താലൂക്കാശുപത്രിയിലെ ചില ജീവനക്കാർക്കും പങ്കുള്ളതായും ആക്ഷേപമുണ്ട്. ചിറയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.