തിരുവനന്തപുരം : ഡിസംബർ എട്ടിന് കാര്യവട്ടം സ്‌പോർട്സ് ഹബിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിന്റെ പകുതിയോളം ടിക്കറ്റുകൾ വിറ്റുതീർന്നു. മലയാളി താരം സഞ്ജു സാംസണെ പരിക്കേറ്റ ശിഖർ ധവാന് പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയതോടെയാണ് ടിക്കറ്റ് വില്പന ജോറായത്.
ബുധനാഴ്ച രാത്രി ഏഴരയ്ക്ക് സിനിമാതാരം മമ്മൂട്ടിയാണ് മത്സരത്തിന്റെ ഒാൺലൈൻ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തത്. 24 മണിക്കൂർ പിന്നിട്ടപ്പോഴേക്കും 48 ശതമാനം ടിക്കറ്റുകളാണ് വിറ്റുതീർന്നത്. ഇന്നലെ അർദ്ധ രാത്രിയോടെയാണ് പകുതി കഴിഞ്ഞത്.
സ്വന്തം നാട്ടിൽ സഞ്ജുവിന് കളിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ആരാധകർക്ക്. കാര്യവട്ടത്ത് ഇന്ത്യ എയ്ക്കുവേണ്ടി ദക്ഷിണാഫ്രിക്കയ്ക്ക് എയ്ക്കെതിരെ 48 പന്തിൽ 91 റൺസ് നേടിയ സഞ്ജുവിന്റെ ഇന്നിംഗ്സ് പോലൊന്ന് പ്രതീക്ഷിച്ചാണ് കാണികൾ ടിക്കറ്റെടുക്കാൻ തിരക്ക് കൂട്ടുന്നത്.
മൂന്നാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിനായി സ്‌പോർട്സ് ഹബിൽ പിച്ചൊരുക്കലും ഗ്രൗണ്ട് തയ്യാറാക്കലും അന്തിമഘട്ടത്തിലാണ്. കഴിഞ്ഞ മത്സരങ്ങളിൽ പ്രശംസാർഹമായ രീതിയിൽ പിച്ചൊരുക്കിയ ക്യൂറേറ്റർ ബിജുവിനാണ് ഇക്കുറിയും ചുമതല. ബാറ്റിംഗിന് അനുകൂലമായ പിച്ചുതന്നെയാണ് ഇക്കുറിയും ഇവിടെ ഒരുങ്ങുന്നത്.
ഒന്നുരണ്ടുദിവസത്തിനകം തുലാവർഷം വീണ്ടുമെത്തുമെന്ന കാലാവസ്ഥാറിപ്പോർട്ടുകളാണ് ക്യൂറേറ്റർക്ക് സമ്മർദ്ദമുണ്ടാക്കുന്നത്. മത്സരദിവസം കനത്ത മഴ സാധ്യത പ്രവചിക്കുന്നില്ല. പിച്ച് തയ്യാറാക്കാൻ സാദ്ധ്യമാകുന്ന കാലാവസ്ഥയും ഉണ്ടാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ടിക്കറ്റ് നിരക്ക്
1000
2000
3000
5000
വിദ്യാർത്ഥികൾക്ക് 1000 രൂപയുടെ ടിക്കറ്റുകൾ 500 രൂപയ്ക്ക് നൽകും.
സഞ്ജുവിന് വേണ്ടി ബാറ്റുവീശി ലക്ഷ്മൺ
ന്യൂഡൽഹി : വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിൽ ആദ്യം ഒഴിവാക്കപ്പെടുകയും പിന്നീട് ശിഖർ ധവാന് പരിക്കേറ്റപ്പോൾ ടീമിലെത്തുകയും ചെയ്ത മലയാളി താരം സഞ്ജു സാംസണ് പിന്തുണയുമായി മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മൺ. വിക്കറ്റ് കീപ്പറായി നിരവധി അവസരം നൽകിയിട്ടും പ്രതിഭയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാത്ത ഋഷഭ് പന്തിനെ ലക്ഷ്മൺ വിമർശിക്കുകയും ചെയ്തു.
സെലക്ടർമാരും ടീമും തന്നിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തോട് ഋഷഭ് പന്ത് നീതി പുലർത്തേണ്ട സമയം അതിക്രമിച്ചെന്നും ഫോം വീണ്ടെടുക്കാൻ കഴിയില്ലെന്ന് ഋഷഭിന് തോന്നുന്നുവെങ്കിൽ സഞ്ജു സാംസണിന് വേണ്ടി സ്ഥാനമൊഴിയാൻ തയ്യാറാകണമെന്നും ലക്ഷ്മൺ പറഞ്ഞു.
സഞ്ജുവിനെ ട്വന്റി 20 ടീമിലേക്ക് ഉൾപ്പെടുത്തിയത് ഋഷഭിനുള്ള ശക്തമായ സന്ദേശമാണെന്നും ഒന്നുകിൽ നന്നായി കളിക്കുക അല്ലെങ്കിൽ മാറിക്കൊടുക്കുക എന്ന് ഋഷഭ് മനസിലാക്കണമെന്നും ലക്ഷ്മൺ പറഞ്ഞു.
തന്റെ സ്ഥാനം ടീമിൽ സുരക്ഷിതമല്ലെന്ന് ഋഷഭ് തിരിച്ചറിഞ്ഞാൽ മികച്ച പ്രകടനം നടത്തിയേ തീരൂ എന്ന നിലവരും. വമ്പൻ ഷോട്ടുകൾ കളിക്കാൻ അപാര ശേഷിയുള്ള ബാറ്റ്സ്മാൻ എന്ന നിലയിൽ -ഋഷഭിനെ താൻ ഇപ്പോഴും വിലമതിക്കുന്നുവെന്നും ലക്ഷ്മൺ പറഞ്ഞു. എന്നാൽ കുറച്ചുനാളായി ചിന്തിച്ചുകളിക്കാൻ അദ്ദേഹത്തിന് കഴിയാത്തതാണ് പ്രശ്നമെന്നും ലക്ഷ്മൺ ചൂണ്ടിക്കാട്ടി. അടുത്തവർഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ ഋഷഭ് പന്ത് തന്നെയാണ് ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറെന്നും എന്നാൽ ലോകകപ്പിൽ ധോണി കളിക്കുവാനാണ് സാധ്യതയെന്നും ലക്ഷ്മൺ വിലയിരുത്തി.
ഋഷഭ് പന്തിന്റെയും സഞ്ജുവിന്റെയും പ്രകടനം വിലയിരുത്തി മാത്രമേ ധോണി ട്വന്റി 20 ലോകകപ്പിൽ കളിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കു എന്ന് കരുതുന്നു. ഇപ്പോൾ ധോണി ഐ.പി.എല്ലി
നുവേണ്ടി തയ്യാറെടുക്കുകയാണ്. അവിടെ മികച്ച ഫോമിലാണെങ്കിൽ ലോകകപ്പിലും കളിക്കും.
സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയതോടെ കൃത്യമായ സന്ദേശം സെലക്ടർമാർ ഋഷഭിന് നൽകിയിട്ടുണ്ട്. ഇനിയും ഉഴപ്പിക്കളിച്ചാൽ പണി പാളുമെന്ന് ഋഷഭ് തിരിച്ചറിയണം.
വി.വി.എസ്. ലക്ഷ്മൺ
ഋഷഭ് കഠിനമായ പരീക്ഷണ കാലത്തിലൂടെയാണ് കടന്നുപോകുന്നത്. മികച്ച പ്രകടനം കാഴ്ചവച്ചാലേ ടീമിൽ തുടരാനാകൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഋഷഭിനെ പഴയ ഫോമിലേക്ക് തിരികെക്കൊണ്ടുവരാൻ ടീം മാനേജ്മെന്റും പരിശ്രമിക്കുന്നുണ്ട്. ധോണിയുടെ പകരക്കാരനാകാൻ വേണ്ടി ശ്രമിക്കുന്നത് ഋഷഭിനെ അനാവശ്യ സമ്മർദ്ദത്തിലേക്ക് എത്തിക്കുന്നത്. അതിന്റെ ആവശ്യമില്ല. സ്വന്തം കളി പുറത്തെടുത്താൽ മതി.
എം.എസ്. കെ. പ്രസാദ്
ഇന്ത്യൻ ടീം ചീഫ് സെലക്ടർ
ഏത് പൊസിഷനിൽ കളിക്കാനും ഞാൻ തയ്യാറാണ്. വിക്കറ്റ് കീപ്പറാകണോ, ബാറ്റ്സ്മാനായി മാത്രം കളിക്കണോ, ഞാൻ റെഡി. ബാറ്റും ഗ്ളൗവും എല്ലാമെടുത്തുതന്നെയാണ് മത്സരത്തിന് പോകുന്നത്.
സഞ്ജു സാംസൺ
ആദ്യമത്സരം ഹൈദരാബാദിൽ
ഡിസംബർ ആറിന് ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ട്വന്റി 20ക്ക് മുംബയ് വാങ്കഡെ സ്റ്റേഡിയത്തിന് പകരം ഹൈദരാബാദ് വേദിയാകും. നേരത്തെ മൂന്നാം ഏകദിനമാണ് ഹൈദരാബാദിൽ നിശ്ചയിച്ചിരുന്നത്. എന്നാൽ ബാബറി മസ്ജിദ് ദിനത്തിന്റെയും ബി.ആർ. അംബേദ്കർ മഹാപരിനിർവാൺ ദിനത്തിന്റെയും പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന് മുംബയ് പൊലീസ് അറിയിച്ചതിനെതുടർന്നാണ് വേദിമാറ്റം. മുംബയിൽ 11ന് മൂന്നാം ട്വന്റി 20 നടക്കും.