തിരുവനന്തപുരം: വിളപ്പിൽശാല മാലിന്യ പ്ലാന്റ് പൂട്ടിയ ശേഷം നഗരസഭ വീണ്ടും കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ തുടങ്ങി. ഇന്ന് നടക്കുന്ന കൗൺസിൽ യോഗത്തിൽ നഗരത്തിനുള്ളിൽ തന്നെ കേന്ദ്രീകൃത പ്ലാന്റിന് സ്ഥലം കണ്ടെത്താനുള്ള വിഷയം ചർച്ചചെയ്യും. 100 വാർഡുകളിൽ അനിയോജ്യമായ സ്ഥലം കണ്ടെത്തുകയാണ് ലക്ഷ്യം. ഉറവിടമാലിന്യ സംസ്കരണവുമായി നഗരസഭ മുന്നോട്ട് പോവുകയാണെങ്കിലും കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റില്ലാത്തതും വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാത്തതും ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണ ബോർഡ് നഗരസഭയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. 15 കോടിയോളം പിഴയടയ്ക്കണമെന്നായിരുന്നു ആവശ്യം. ഈ സാഹചര്യത്തിലാണ് കേന്ദ്രീകൃത പ്ലാന്റിനുള്ള നിർദ്ദേശം വീണ്ടും മുന്നോട്ടു വയ്ക്കുന്നത്.
നഗരത്തിനുള്ളിൽ തന്നെ മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി 15 ഏക്കർ സ്ഥലം വേണം. വാർഡുകളിൽ ഇത്തരത്തിൽ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലം ഉണ്ടെങ്കിൽ അറിയിക്കാൻ കൗൺസിലർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. സ്ഥലം കണ്ടെത്താൻ ജില്ല ഭരണകൂടത്തോടും നിർദ്ദേശിച്ചിട്ടുണ്ട്.
വിളപ്പിൽശാല പൂട്ടിയതിന് ശേഷം കേന്ദ്രീകൃത മാലിന്യ പ്ലാന്റിന് സ്ഥലം കണ്ടെത്താൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. സ്ഥലം കണ്ടെത്തുമ്പോൾ തന്നെ പ്രദേശവാസികൾ എതിർപ്പുമായി രംഗത്തെത്തിയതിനാലാണ് ഉറവിടമാലിന്യ സംസ്കരണത്തിലേക്ക് തിരിയാൻ നഗരസഭയെ പ്രേരിപ്പിച്ചത്. കൂടുതൽ കിച്ചൻ ബിന്നുകളും തുമ്പൂർമൊഴി കമ്പോസ്റ്റുകളും സ്ഥാപിക്കുന്നതിനുള്ള 50 കോടി രൂപയുടെ രണ്ടാം ഘട്ടപദ്ധതിയാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെയും സർക്കാരിന്റെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റെന്ന തീരുമാനത്തിലേക്ക് പോകുന്നത്. പക്ഷേ നഗരത്തിനുള്ളിൽ ഇതിനായി സ്ഥലം കണ്ടെത്തുന്നത് പ്രാവർത്തികമല്ലെന്നാണ് അധികൃതരുടെ വാദം. ഏതായാലും വിഷയത്തിൽ ഇന്ന് കൗൺസിലർമാർ എന്ത് നിലപാടാണ് കൈക്കൊള്ളുകയെന്നത് നിർണായകമാണ്.