മുംബയ് സിറ്റിയുടെ 65 ശതമാനം ഓഹരികൾ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി
മുംബയ് : ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബാൾ ഫ്രാഞ്ചൈസിയായ മുംബയ് സിറ്റി എഫ്.സിയുടെ 65 ശതമാനം ഓഹരികൾ സ്വന്തമാക്കി. ഇംഗ്ളീഷ് പ്രിമിയർലീഗ് ക്ളബ് മാഞ്ചസ്റ്റർ സിറ്റിയുടെ മാതൃകമ്പനിയായ സിറ്റി ഫുട്ബാൾ ഗ്രൂപ്പ്. ഈ കമ്പനി ആഗോള തലത്തിൽ സ്വന്തമാക്കുന്ന എട്ടാമത്തെ ക്ളബാണ് മുംബയ് സിറ്റി എഫ്.സി.
ബോളിവുഡ് നടൻ രൺബീർ കപൂറിന്റെയും വ്യവസായി ബിമൽ പരേഖിന്റെയും ഉടമസ്ഥതയിലായിരുന്നു മുംബയ് സിറ്റി എഫ്.സി. ഇവർക്ക് ഇനി ഫ്രാഞ്ചൈസിയിൽ 35 ശതമാനം ഓഹരികൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇന്ത്യൻ ഫുട്ബാൾ രംഗത്തേക്കുള്ള ആഗോള ഭീമന്റെ കടന്നുവരവ് വാണിജ്യപരമായും കായികപരമായും നേട്ടങ്ങളുണ്ടാക്കുമെന്ന് ഐ.എസ്.എൽ ചെയർ പേഴ്സൺ നിത അംബാനി പറഞ്ഞു. ഇന്ത്യൻ ഫുട്ബാളിൽ വിദേശത്തെ പ്രമുഖ ക്ളബുകൾ നിക്ഷേപം നടത്താൻ ഒരുക്കമാണെന്നും ലോക ഫുട്ബാളിൽ ഇന്ത്യ വളർച്ചയുടെ പടവുകൾ താണ്ടുകയാണെന്നും അവർ പറഞ്ഞു.
ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റി, അമേരിക്കൻ ക്ളബ്, ന്യൂയോർക്ക് സിറ്റി, ആസ്ട്രേലിയൻ ക്ളബ് മെൽബൺ സിറ്റി, ജാപ്പനീസ് ക്ളബ് യോക്കോഹാമ എഫ് മാരിനോസ്, സ്പാനിഷ് ക്ളബ് ജിറോണ തുടങ്ങിയവയാണ് സിറ്റി ഫുട്ബാൾ (60)ന്റെ ഉടമസ്ഥതയിലുള്ള പ്രധാന ക്ളബുകൾ.
യു.എ.ഇയിലെ ഷെയ്ഖ് മൻസൂർ ബിൻ സെയ്ദ് അൽ നഹ്‌യാനാണ് സിറ്റി ഫുട്ബാൾ ഗ്രൂപ്പിന്റെ സാമ്പത്തിക സ്രോതസ്.
യു.എ.ഇ കമ്പനി ഉടമസ്ഥാവകാശം ഏറ്റെടുത്തശേഷം നാല് തവണയാണ് മാഞ്ചസ്റ്റർ സിറ്റി ഇംഗ്ളീഷ് പ്രിമിയർ ലീഗ് കിരീടത്തിൽ മുത്തമുട്ടത്.
മറ്റ് പല ക്ളബുകളും നഷ്ടത്തിലായപ്പോൾ കഴിഞ്ഞ 11 വർഷമായി ലാഭത്തിന്റെ കളികളാണ് സിറ്റി ഫുട്ബാൾ ഗ്രൂപ്പിനുള്ളത്.
6286 ലക്ഷം യൂറോയുടെ വരുമാനമാണ് കഴിഞ്ഞ വർഷം മാത്രം മാഞ്ചസ്റ്റർ സിറ്റിയുടെ വരുമാനം.