ലോകത്തിലെ ഏറ്റവും സുന്ദരവും സുരക്ഷിതവുമായ മമ്മി. അതാണ് സിസിലിയിലെ കപ്പൂച്ചിൻ കാറ്റാകോംബ്സ് ഒഫ് പലേർമോയിൽ സൂക്ഷിച്ചിരിക്കുന്ന റൊസാലിയ ലൊംബാർഡോ എന്ന കൊച്ചു കുട്ടിയുടെ മമ്മി. 1918 ഡിസംബർ 13ന് ഇറ്റലിയിലെ സമ്പന്ന പ്രഭു കുടുംബത്തിലാണ് റൊസാലിയ ജനിച്ചത്. 1920 ഡിസംബർ 6ന് ന്യുമോണിയ ബാധിച്ച് മരിക്കുമ്പോൾ റൊസാലിയയ്ക്ക് രണ്ടു വയസ് തികഞ്ഞിട്ടില്ല.
കണ്ട് കൊതിതീരും മുമ്പുള്ള മകളുടെ മരണം റൊസാലിയയുടെ മാതാപിതാക്കളെ തളർത്തി. റൊസാലിയയുടെ പിതാവായ മാരിയോ ലൊംബാർഡോ.മൃതദേഹങ്ങൾ എംബാം ചെയ്യുന്നതിൽ വിദഗ്ദനായ ആൽഫ്രെഡോ സലാഫിയയെ സമീപിക്കുകയും മകളുടെ മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്‌തു. ഗ്ലിസറിൻ, ഫോർമാലിൻ, സിങ്ക് സൾഫേറ്റ്, സിങ്ക് ക്ലോറൈഡ്, സാലിസിലിക് ആസിഡ് തുടങ്ങിയവയുടെ മിശ്രിതമുപയോഗിച്ച് ആൽഫ്രഡോ സലാഫിയ അതിവിദഗ്ദമായി റൊസാലിയയുടെ മൃതദേഹം എംബാം ചെയ്‌തു. തുടർന്ന് മൃതദേഹം പലേർമോയിലുള്ള കാറ്റാകോംബിൽ സൂക്ഷിച്ചു.
പുരാതന ഇറ്റലിയിൽ ഭൂഗർഭ കല്ലറകളിൽ മൃതദേഹങ്ങൾ അടക്കം ചെയ്‌തിരുന്നു. ഇതിനെയാണ് കാറ്റാകോംബുകൾ എന്ന് പറയുന്നത്. കാറ്റാകോംബിലെ ഒരു ചെറു ചാപ്പലിൽ സൂക്ഷിച്ചിരിക്കുന്ന റൊസാലിയയുടെ മൃതദേഹത്തിന് ഇപ്പോഴും കേടുപാടുകൾ ഒന്നുമില്ല. മരിച്ചിട്ട് നൂറ് വർഷങ്ങൾ ആകാറായെങ്കിലും ആന്തരികാവയവങ്ങൾ ഇപ്പോഴും മരണസമയത്തേത് പോലെ തന്നെയാണെന്ന് റൊസാലിയയുടെ മമ്മിയുടെ എക്‌സ്‌റേ ഫലങ്ങളിൽ കാണാനാകും. 2009ൽ റൊസാലിയയുടെ മൃതശരീരത്തിന്റെ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടതോടെ ഇനി മാറ്റം ഒന്നും സംഭവിക്കാതിരിക്കാൻ നൈട്രജൻ അടങ്ങിയ സുരക്ഷിതമായ ഗ്ലാസ് മൂടിയോടുകൂടിയ പെട്ടിയിലാണ് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്.
കൃത്യമായ ഇടവേളകളിൽ റൊസാലിയയുടെ കണ്ണുകൾ അടയുന്നതും തുറക്കുന്നതുമായി ചിലർ പറയുകയുണ്ടായി. എന്നാൽ, പ്രകാശം റൊസാലിയയുടെ കണ്ണുകളിൽ പതിയ്‌ക്കുമ്പോൾ സംഭവിക്കുന്ന ഒപ്ടിക്കൽ ഇല്യൂഷനാണ് ഇങ്ങനെയൊരു തോന്നലിന് കാരണമെന്ന് ഗവേഷകർ വിശദീകരിക്കുന്നു. പാതിയടഞ്ഞ റൊസാലിയയുടെ കൺപോളകൾക്കിടയിലൂടെ നിർജീവമെന്ന് തോന്നാത്ത ആ നീല കൃഷ്‌ണമണികളും കാണാനാകും. 'സ്ലീപ്പിംഗ് ബ്യൂട്ടി ' എന്നറിയപ്പെടുന്ന റൊസാലിയയെ കാണാൻ ആയിരക്കണക്കിന് പേരാണ് ഇവിടേക്ക് എത്തുന്നത്.