health

50 വയസിന് മുകളിൽ പുരുഷന്മാർക്കാണ് മൂത്രരോഗാണുബാധ കൂടുതലായി കാണപ്പെടുന്നത്. പ്രോസ്റ്റേറ്റ് വീക്കമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മൂത്രനാളിയിലെ സ്ട്രിക്‌ചർ അസുഖം, ന്യൂറോജനിക് ബ്ളാഡർ, മൂത്രക്കല്ല്, കുടലിന്റെ ഫിസ്റ്റുല, പ്രമേഹം, രോഗാണുബാധയുള്ള പങ്കാളിയുമായി ലൈംഗികബന്ധം മുതലായവ മറ്റു കാരണങ്ങളാണ്.

മൂത്രസഞ്ചിക്കുണ്ടാകുന്ന മൂത്രരോഗാണുബാധയെ സിസ്റ്റൈറ്റിസ് എന്ന് പറയുന്നു. കൂടുതൽ തവണ മൂത്രം പോവുക, പെട്ടെന്ന് മൂത്രം പോവുക, വേദനയോടെ മൂത്രം പോവുക, അടിവയറ്റിൽ വേദന, നടുവേദന, മൂത്രത്തിൽ രക്തം കാണുക, മൂത്രത്തിൽ പഴുപ്പ് മുതലായവയാണ് രോഗലക്ഷണങ്ങൾ. വളരെ പ്രായമായ ആൾക്കാരിൽ ഛർദ്ദി, വയറിളക്കം മുതലായ ലക്ഷണങ്ങളും കാണാം. രോഗനിർണയം പ്രധാനമായും മൂത്രത്തിന്റെ മൈക്രോസ്കോപി, കൾചർ പരിശോധന എന്നിവയിലൂടെയാണ്. അൾട്രാസൗണ്ട് സ്കാൻ പരിശോധന വഴി മൂത്രസഞ്ചിയിൽ കെട്ടിനിൽക്കുന്ന മൂത്രത്തിന്റെ അളവ് അറിയാം. മൂത്രത്തിന്റെ കൾചറിന് അനുയോജ്യമായ ആന്റി ബാക്ടീരിയൽ മരുന്നുകൾ രോഗിക്ക് കൊടുക്കണം.

പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ബാക്ടീരിയൽ അണുബാധയ്ക്ക് പ്രോസ്റ്റാറ്റൈറ്റിസ് എന്നാണ് പറയുന്നത്.

വിറയലോടുകൂടിയ പനി, വേദനയോടെ മൂത്രം പോവുക, അടിവയറ്റിലും നാഭിയിലും വേദന, മൂത്രം ശക്തി കുറഞ്ഞ് പോവുക, ഒട്ടും പോകാതെ കെട്ടിനിൽക്കുക മുതലായവയാണ് ലക്ഷണങ്ങൾ. മലദ്വാരത്തിൽ കൂടിയുള്ള പരിശോധനയിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് വീക്കം, വേദന മുതലായവ ഉള്ളതായി കാണുന്നു. മൂത്രത്തിന്റെയും രക്തത്തിന്റെയും പരിശോധനകൾ, അൾട്രാസൗണ്ട് സ്കാൻ മുതലായവ രോഗനിർണയത്തിന് സഹായകരമാണ്. ആന്റിബാക്ടീരിയൽ മരുന്നുകൾ, ആൽഫാ ബ്ളോക്കറുകൾ, മൂത്രം കെട്ടിനിൽക്കുകയാണെങ്കിൽ കത്തീറ്ററൈസേഷൻ മുതലായവയാണ് ചികിത്സാ മാർഗങ്ങൾ. ചില രോഗികളിൽ പ്രോസ്റ്റേറ്റ് പഴുപ്പ് ഉണ്ടാകുന്നു. എൻഡോസ്‌കോപ് വഴി പഴുപ്പ് നീക്കം ചെയ്യേണ്ടിവരും.

ക്രോണിക് ബാക്ടീരിയൽ പ്രോസ്റ്റൈറ്റിസ് എന്നത് ദീർഘനാൾ നിലനില്ക്കുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അണുരോഗ ബാധയാണ്. ഇടവിട്ടുള്ള മൂത്രരോഗാണുബാധ, സ്‌ഖലനത്തിന്റെ കൂടെയോ അതിനു ശേഷമോ ഉള്ള വേദന, മൂത്ര തടസം മുതലായവയാണ് രോഗലക്ഷണങ്ങൾ. മൂത്രത്തിന്റെയും രക്തത്തിന്റെയും പരിശോധനകൾ, അൾട്രാസൗണ്ട് സ്കാൻ പരിശോധന, സിസ്‌റ്റോസ്‌കോപി മുതലായവയാണ് രോഗനിർണയത്തിന് സഹായിക്കുന്നത്.

ആന്റി ബാക്ടീരിയൽ മരുന്നുകൾ ആൽഫാബ്ളോക്കറ്റുകൾ മുതലായവ ദീർഘനാൾ കൊടുക്കേണ്ടിവരും. മൂത്രതടസമുള്ള രോഗികൾക്ക് മേൽപറഞ്ഞ ചികിത്സ ഫലം കണ്ടി ല്ലെങ്കിൽ എൻഡോസ്കോപ് വഴി ഗ്രന്ഥി മാറ്റേണ്ടിവരും.