vishalakshi

പാലോട് : ഒരു ചെറിയ കൂര, നാല് ചുമരുകളുണ്ട്, ബലമുള്ള വാതിലോ ജനാലകളോ ഇല്ല, മേൽക്കൂരയില്ല, കാറ്റൊന്നാഞ്ഞു വീശിയാൽ പറന്നു മുറ്റത്തു വീഴുന്ന ഷീറ്റുകൾ നാലുകോണിലായി വലിച്ചു കെട്ടിയിട്ടുണ്ട്. വീടെന്നു പറയാമെങ്കിലും ഇവിടെയാണ് വിശാലാക്ഷിയും ഭർത്താവ് രാമചന്ദ്രനും താമസിക്കുന്നത്.

പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാർ വട്ടിക്കാവ് മലയോരമേഖലയിലെ വനത്തിനുള്ളിലാണ് ഇവരുടെ ഈ വീട്. രാമചന്ദ്രൻ 30 വർഷമായി അർബുദത്തോടു പോരാടുന്നു. രോഗത്തെ തുടർന്ന് കൈകാലുകൾ മുറിച്ചു കളയേണ്ടി വന്നു. രണ്ട് പെണ്മക്കളെയും വിവാഹം ചെയ്തയച്ചു. ഉറപ്പില്ലാത്ത വീടിന്റെ ഏക ഉറപ്പും അത്താണിയും കൂലിപ്പണിക്കാരിയും രോഗിയുമായ വിശാലാക്ഷിയാണ്. 25 വർഷങ്ങൾക്ക് മുമ്പ് സർക്കാരിന്റെ വികലാംഗർക്കുള്ള പദ്ധതി പ്രകാരം അനുവദിച്ച വീടാണിത്. പണി പകുതിയാക്കി മുർകൂറായി വാങ്ങിച്ച മുഴുവൻ തുകയുമായി മേസ്തിരി നാടുവിട്ടു. തുടർന്ന് പൊലീസിൽ പരാതി നൽകി. കോടതി വരെ കേസ് എത്തിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഭയമില്ലാതെ ഒരു രാത്രി എങ്കിലും സ്വന്തം വീട്ടിൽ ഉറങ്ങണമെന്ന ആഗ്രഹവുമായി അപേക്ഷേകളുമായി വിശാലാക്ഷി കയറിയിറങ്ങാത്ത സർക്കാർ ഓഫിസുകളില്ല. മിക്ക രാത്രികളിലും വന്യമൃഗങ്ങൾ കാടിറങ്ങി വീട് പരിസരങ്ങളിൽ വരാറുണ്ട്. വലിയ സ്വപ്നങ്ങളോ മോഹങ്ങളോ ഒന്നും ഇവർക്കില്ല. ഒന്നുമാത്രമേ ഇവർ ചോദിക്കുന്നുള്ളു, 'മാറി മാറി വരുന്ന സർക്കാരുകൾ പല പദ്ധതികളിൽ ഉൾപ്പെടുത്തി ചുറ്റുമുള്ളവർക്കൊക്കൊക്കെ പുതിയ വീട് നിർമിച്ചു നൽകിയപ്പോൾ എന്തുകൊണ്ട് തങ്ങളെ മാത്രം എന്തുകൊണ്ട് കണ്ടില്ലെന്നു നടിക്കുന്നു?'. അങ്ങേയറ്റം ദുരിതത്തിലാണെങ്കിലും തങ്ങൾക്ക് അർഹിച്ച ആനുകൂല്യം കിട്ടുമെന്നുള്ള പ്രാർത്ഥനയിലും പ്രതീക്ഷയിലുമാണ് വിശാലാക്ഷിയും ഭർത്താവും.