തിരുവനന്തപുരം: അതീവഗുരുതരമായ സാമ്പത്തിക പ്രതിസന്ധി കാരണം സംസ്ഥാനത്ത് വികസനപ്രവർത്തനങ്ങൾ പാടേ സ്തംഭിച്ചെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനസർക്കാരിന്റെ കെടുകാര്യസ്ഥതയും ധൂർത്തും സാമ്പത്തിക അച്ചടക്കമില്ലായ്മയുമാണ് പ്രതിസന്ധിക്ക് കാരണം. ജീവനക്കാരുടെ ശമ്പളവും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയ്ക്കുള്ള പണവും മാത്രമാണ് നവംബറിൽ ട്രഷറിയിൽ നിന്ന് നൽകിയത്. ഒരു കുഴപ്പവുമില്ലെന്ന് ധനമന്ത്രി തോമസ് ഐസക് ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം പാടെ സ്തംഭിച്ചിരിക്കുകയാണ്. നവംബറിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഒരു ബില്ലും പാസായിട്ടില്ല. കരാറുകാർക്ക് ജനുവരി ഒന്ന് മുതൽ ഒക്ടോബർ 31 വരെ 1470.17 കോടി രൂപ കുടിശികയായത് കാരണം കരാറുകാർ പണി നിറുത്തി. ജി.എസ്.ടി വിഹിതമായി കേന്ദ്രം നൽകാനുള്ള 1600 കോടി രൂപ നൽകാതിരിക്കുന്നത് പ്രതിഷേധാർഹമാണെങ്കിലും പ്രതിസന്ധിക്ക് കാരണം അതുമാത്രമാണെന്ന ധനമന്ത്രിയുടെ വാദം അംഗീകരിക്കാനാവില്ല. ജി.എസ്.ടി നടപ്പാക്കുമ്പോൾ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം നികത്തിത്തരാനുള്ള ബാദ്ധ്യത കേന്ദ്രം നിറവേറ്റാത്തത് കരാർലംഘനവും കടുത്ത ദ്രോഹവുമാണ്. സംസ്ഥാനത്തിന്റെ വായ്പാപരിധി വെട്ടിക്കുറച്ചതും ന്യായീകരിക്കാനാവില്ല. ഇക്കാര്യങ്ങൾ പാർലമെന്റിലുന്നയിക്കാൻ കോൺഗ്രസ് എം.പിമാരോട് താൻ നിർദ്ദേശിച്ചിട്ടുണ്ട്. വാറ്റ് കുടിശിക മാത്രം 13,305 കോടി രൂപ ഉള്ളതിൽ ഉടനെ പിരിച്ചെടുക്കാവുന്നത് 3689 കോടിയാണെന്ന് ധനമന്ത്രി പറയുന്നു. എന്നാൽ ഇതുവരെ പിരിച്ചത് 119.57 കോടിയാണ്. ഈ സർക്കാർ വരുമ്പോൾ സംസ്ഥാനത്തിന്റെ കടബാദ്ധ്യത ഒന്നരലക്ഷം കോടിയായിരുന്നെങ്കിൽ മൂന്ന് വർഷം കൊണ്ട് രണ്ടരലക്ഷം കോടി രൂപയായി. കിഫ്ബി വഴിയുണ്ടാക്കി വച്ച കടം ഇതിന് പുറമേയാണ്. ജനിച്ചുവീഴുന്ന ഓരോ കുട്ടിയും 72340 രൂപയുടെ കടക്കാരനാണിപ്പോൾ. അഞ്ച് വർഷത്തിനുള്ളിൽ കേരളം മുക്കാൽ ലക്ഷം കോടി രൂപ മുതലും പലിശയും സഹിതം തിരിച്ചടക്കേണ്ടി വരുമെന്ന് സി.എ.ജിയുടെ മുന്നറിയിപ്പുണ്ട്. നിത്യചെലവിന് കടം വാങ്ങേണ്ടി വരുന്ന സംസ്ഥാനം ഇതെങ്ങനെ കൊടുക്കുമെന്നും ചെന്നിത്തല ചോദിച്ചു.