കിളിമാനൂർ: ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച കിളിമാനൂർ ടൗണിലെ പഴയ വലിയ പാലം മഴയത്ത് തോടായി മാറുന്നു. -തിരുവനന്തപുരത്തിനെയും കൊട്ടാരക്കരയെയും ബന്ധിപ്പിക്കുന്നതിനായാണ് എം.സി റോഡിൽ ചിറ്റാറിന് കുറുകെ വലിയ പാലം നിർമ്മിച്ചത്. പ്രസ്തുത പാലം കുന്നുമ്മൽ പ്രദേശത്തേക്കുള്ള റോഡിനും പ്രയോജനപ്പെട്ടിരുന്നു. ഇതിനിടയിൽ കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ എം.സി റോഡ് വികസനം നടപ്പാക്കുന്നതിനിടയിൽ പഴയ പാലത്തിനരികിലായി പുതിയ പാലം നിർമ്മിച്ചു. ഇതോടെ എം.സി റോഡിലെ പ്രധാന പാലമെന്ന പേര് പഴയപാലത്തിന് നഷ്ടമായി. നൂറ് കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന കിളിമാനൂർ ഗവ. ടൗൺ യു.പി.എസ്, പുരാതനമായ ശാസ്താ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പഴയപാലത്തിലൂടെയാണ് യാത്ര സാദ്ധ്യമാകുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച പാലത്തിന് ജരാനരകൾ ബാധിച്ച് കൈവരികൾ ഉൾപ്പെടെ നാശത്തിന്റെ വക്കിലാണെങ്കിലും പാലം അധികൃതർ നിലനിറുത്തിയത് കുന്നുമ്മൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര തടസപ്പെടാതിരിക്കാനായിരുന്നു.
മഴക്കാലത്ത് പാലത്തിൽ വെള്ളം കുത്തിയൊലിക്കുന്നത് കാരണം കുട്ടികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാരും ബൈക്ക് യാത്രികരും ഏറെ ബുദ്ധിമുട്ടിലാണ്. പലപ്പോഴും അപകടങ്ങളും സംഭവിക്കുന്നുണ്ട്.