general

ബാലരാമപുരം: കൃഷിയിൽ ഹൈടെക് ജാലവിദ്യയൊരുക്കി നൂറുമേനി വിളവെടുപ്പ് നടത്തിയ വെടിവെച്ചാൻകോവിൽ പവിഴം ഹൗസിൽ ചന്ദ്രകുമാറിന് കൃഷിവകുപ്പിന്റെ സംസ്ഥാന പുരസ്കാരം. തന്റെ വീട്ടുവളപ്പിലെ 80 സെന്റ് ഭൂമിയിൽ കൃഷി ഒരുക്കിയാണ് ചന്ദ്രകുമാർ ഹൈടെക് കർഷക പുരസ്കാരത്തിന് അർഹനായത്. ഒരു ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമടങ്ങുന്നതാണ് പുരസ്കാരം. ഇത് രണ്ടാം തവണയാണ് സംസ്ഥാന പുരസ്കാരം ചന്ദ്രകുമാറിനെ തേടിയെത്തുന്നത്. സംസ്ഥാന സർക്കാരിന്റെ മികച്ച യുവ കർഷകൻ (1999)​,​ മികച്ച കെ.എച്ച്.ഡി.പി കർഷകൻ (1996-97)​,​ വി.എഫ്.സി.കെ.യുടെ ഏറ്റവും മികച്ച പഴം-പച്ചക്കറി കർഷകൻ (2014-15)​,​ പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ മികച്ച ഹൈടെക് ഫാർമർ അവാർഡ് (2016)​ എന്നീ അംഗീകാരങ്ങൾക്ക് പുറമേ ആദ്യ വി.എഫ്.സി.കെ. ഡയറക്ടർ ബോർഡ് അംഗമായും ചന്ദ്രകുമാറിനെ തിരഞ്ഞെടുത്തിരുന്നു. സമ്മിശ്രകൃഷിരീതിയൊരുക്കി പള്ളിച്ചൽ കൃഷിഭവന്റെ മികച്ച കർഷകനെന്ന ഖ്യാതിയും ചന്ദ്രകുമാർ നേടിയെടുത്തിട്ടുണ്ട്. വാഴ,​ നെല്ല്,​ പച്ചക്കറികൾ,​ സാലഡ് വെള്ളരിക്ക,​ വഴുതന,​ കത്തിരിക്ക,​ തക്കാളി,​ ചോളം,​ മത്തങ്ങ,​ മരച്ചീനി,​ ചേന,​ ചേമ്പ്,​ മുളക്,​ കപ്പ,​ ഏത്തൻ വാഴ,​ കപ്പ,​ ചിങ്ങൻ,​ ചതുരപയ‍ർ,​ അമരക്കായ്,​ വള്ളിപ്പയർ,​ ജമന്തിപ്പൂവ് എന്നിവ തന്റെ വീട്ടുവളപ്പിലും രണ്ടര ഏക്കർ വയൽക്കരയിലും പോളിഹൗസ് ഫാമിംഗ് രീതിയിൽ കൃഷി ചെയ്യുന്നു. ഒപ്പം ആട്,​ കോഴി,​ താറാവ്,​ വാത്ത,​ മത്സ്യം,​ പേർഷ്യൻ പൂച്ചകൾ എന്നിവയും പരിപാലിക്കുന്നു. നാലായിരം സ്ക്വയർഫീറ്റിലാണ് വീട്ടുവളപ്പിൽ കൃഷിയിറക്കിയിരിക്കുന്നത്. കീടങ്ങളുടെ ആക്രമണങ്ങളെ ചെറുക്കാൻ കൃഷിത്തോട്ടത്തിൽ അവിടവിടായി രാത്രിദീപങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. വീട്ടുമുറ്റത്തും മട്ടുപ്പാവിലും ഗ്രോബാഗുകൾ ഉപയോഗിച്ചുള്ള കൃഷിരീതികൾ ഫലപ്രദമായി നടത്തുന്നു. കീടങ്ങളെ ചെറുക്കുക എന്ന ഉദ്യമം ഏറ്റെടുത്ത് രാപകലില്ലാതെയുള്ള അദ്വാനമാണ് ചന്ദ്രകുമാറിനെ ഹൈടെക് കർഷകനെന്ന വിളിപ്പേരിലേക്ക് എത്തിച്ചത്. മകൻ എം.ടെക് വിദ്യാഭ്യാസം പൂർത്തിയാക്കിയ അനൂപും അച്ചനോടൊപ്പം കൃഷിപരിപാലനത്തിന് നേതൃത്വം നൽകുന്നു. മകൾ അനുപമയും ഭാര്യ ജയകുമാരിയും ചന്ദ്രകുമാറിന്റെ കൃഷിക്ക് എല്ലാവിധ പിൻതുണയും നൽകിവരുന്നു. മറ്റ് കർഷകർക്ക് നിർദ്ദേശങ്ങൾ നൽകി കൃഷി മെച്ചപ്പെടുത്താനും ചന്ദ്രകുമാർ സദാ രംഗത്തുണ്ട്.