കാഞ്ഞിരംകുളം: കാഞ്ഞിരംകുളം മൗണ്ട് കാർമ്മൽ റസിഡൻഷ്യൽ സ്കൂളിലെ ഒരു എ.സി ബസ് പൂർണമായി കത്തിക്കുകയും എട്ട് ബസുകൾ അടിച്ചു തകർക്കുകയും ചെയ്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണന്ന് ആവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിൽ രംഗത്തെത്തി. കഴിഞ്ഞ സെപ്തംബർ 3നാണ് സ്കൂൾ കോമ്പൗണ്ടിൽ പാർക്കു ചെയ്തിരുന്ന ബസുകൾക്കു നേരെ ആക്രമണമുണ്ടായത്. സ്കൂളിൽ സ്ഥാപിച്ചിരുന്ന സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് കൃത്യം നടത്തിയവരെ കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ നാളിതുവരെ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താനോ, അവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരാനോ ലോക്കൽ പൊലീസിനായിട്ടില്ലെന്ന് ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ ആരോപിച്ചു. നെയ്യാറ്റിൻകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കാഞ്ഞിരംകുളം പൊലീസിനാണ് അന്വേഷണച്ചുമതല. എന്നാൽ ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ കഴിഞ്ഞ 25ന് ചേർന്ന ആക്‌ഷൻ കൗൺസിൽ യോഗം അതൃപ്തി രേഖപ്പെടുത്തി. ഈ സാഹചര്യത്തിൽ ലോക്കൽ അന്വേഷണം മാറ്റി ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിൽ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നിവേധനം നൽകാൻ തീരുമാനിച്ചു. രക്ഷാധികാരിയായി കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസി കുട്ടപ്പനും, ചെയർമാനായി സ്കൂൾ പി.ടി.എ പ്രസിഡന്റ് ജോയ് മോനും, കൺവീനറായി ബി.വി. രാജനും ഉൾപ്പെടുന്ന 101 പേരുള്ള ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു.