01

ശ്രീകാര്യം: 87-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശ്രീനാരായണഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയിലും തിരുവനന്തപുരം നഗരസഭാ പ്രദേശങ്ങളിലും ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് ഇന്നലെ ചെമ്പഴന്തി ഗുരുകുലത്തിൽ അവലോകന യോഗം ചേർന്നു. ശിവഗിരിയിലെത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകരിൽ ഭൂരിഭാഗവും ചെമ്പഴന്തിയിലുമെത്തിയാണ് മടങ്ങുന്നത്. ഇത്തവണ തീർത്ഥാടകരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധന പ്രതീക്ഷിക്കുന്നതിനാൽ ഗുരുകുലം ഉൾപ്പെടുന്ന നഗരസഭാ പ്രദേശത്ത് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. സുദർശനൻ, വാർഡ് കൗൺസിലർ കെ.എസ്. ഷീല, കഴക്കൂട്ടം സൈബർസിറ്റി അസി. കമ്മിഷണർ അനിൽ കുമാർ, എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. ജിത .എസ്.ആർ, ശ്രീനാരായണ അന്തർദ്ദേശീയ പഠനകേന്ദ്രം ഡയറക്ടർ ഡോ. എം.ആർ. യശോധരൻ, എസ്.എൻ ട്രസ്റ്റ് പ്രതിനിധി ആലുവിള അജിത്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, ഗുരുകുലം സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ 25 മുതൽ ശുചീകരണ -ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കുറ്റമറ്റ രീതിയിലാക്കാൻ നഗരസഭാ ഹെൽത്ത് വിഭാഗത്തെ യോഗം ചുമതലപ്പെടുത്തി. തീർത്ഥാടന ഘോഷയാത്ര ദിവസമായ ഡിസംബർ 31ന് തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി നൽകണമെന്ന് പ്രമേയത്തിലൂടെ ജില്ലാ കളക്ടറോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. തീർത്ഥാടനത്തോടനുബന്ധിച്ച് ഇന്ന് മുതൽ സംഘടിപ്പിച്ചിരിക്കുന്ന പ്രാദേശികതല സാഹിത്യ മത്സരങ്ങൾക്കുള്ള ക്രമീകരണങ്ങളും പൂർത്തിയായതായി ഗുരുകുലം സെക്രട്ടറി അറിയിച്ചു.


അവലോകന യോഗ തീരുമാനങ്ങൾ

1. ഗുരുകുലത്തിലും പരിസരത്തെ നഗര വാർഡ് പ്രദേശങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കും
2. ശുചീകരണത്തിന് ആവശ്യമായ തൊഴിലാളികളെ വിന്യസിക്കും
3. എസ്.എൻ കോളേജ് കോമ്പൗണ്ടിൽ താത്കാലിക മൊബൈൽ ടോയ്ലറ്റും മൊബൈൽ എയ്റോബിന്നും സ്ഥാപിക്കും
4. ആവശ്യാനുസരണം ടാങ്കറിൽ കുടിവെള്ളം എത്തിക്കുമെന്ന് നഗരസഭയുടെയും വാട്ടർ അതോറിട്ടിയുടെയും ഉറപ്പ്
5. റോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കും
6. പ്രദേശത്തെ സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കുകയും ടെക്നിക്കൽ സ്റ്റാഫുകളുടെ മുഴുവൻ സമയ സേവനം ഉറപ്പു വരുത്തുകയും ചെയ്യും
7. ഗതാഗത ക്രമീകരണത്തിന് ശക്തമായ സംവിധാനം ഉറപ്പുവരുത്തും
8. വാഹന പാർക്കിംഗിനും തീർത്ഥാടകരുടെ വിശ്രമത്തിനും എസ്.എൻ കോളേജ്, എസ്.എൻ ജി.എച്ച്.എസ്, സ്വാശ്രയ കോളേജ്, ഗവ. മണക്കൽ എൽ.പി.എസ് എന്നിവിടങ്ങളിൽ ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തും
9. തീർത്ഥാടന ദിവസങ്ങളിൽ ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ ടീം പ്രവർത്തനം ശക്തമാക്കും