വാഹന വേട്ടയ്ക്കിടെ ബൈക്കിൽ ഹെൽമറ്റ് ഇല്ലാതെ വന്ന യുവാവിനെ ലാത്തിയെറിഞ്ഞു വീഴ്ത്തുന്ന പൊലീസുകാരനും പ്രതിക്ക് ജാമ്യം നിഷേധിച്ചതിന്റെ പേരിൽ വനിതാ മജിസ്ട്രേട്ടിനെ അവഹേളിച്ച അഭിഭാഷകരും നിയമവാഴ്ചയെ പരസ്യമായി നിന്ദിക്കാൻ ശ്രമിച്ചവരാണ്. നീതിയുടെയും നിയമത്തിന്റെയും ഭാഗത്തുനിന്ന് കൃത്യനിർവഹണം നടത്തേണ്ട ഇവർ അക്രമികളെപ്പോലെ പെരുമാറാൻ തുടങ്ങിയാൽ ഭരണകൂടത്തിനോ സമൂഹത്തിനോ അതു വെറുതേ നോക്കിനിൽക്കാനാവില്ല. മുളയിലേതന്നെ നുള്ളിക്കളയേണ്ട അച്ചടക്കരാഹിത്യമാണിത്.
വാഹനപരിശോധനയ്ക്കിടയിൽ പൊലീസ് ആരെയും ഓടിച്ചിട്ടു പിടികൂടി നിയമം നടപ്പാക്കാനൊരുങ്ങരുതെന്ന് ഹൈക്കോടതി നിർദ്ദേശം പുറപ്പെടുവിച്ചിട്ട് ഏതാനും ദിവസങ്ങളേ ആയുള്ളൂ. കോടതി നിർദ്ദേശം ശിരസാവഹിച്ച് ഡി.ജി.പി ഉടനടി സർക്കുലറും ഇറക്കിയിരുന്നു. മുൻപും പലകുറി കോടതിയും പൊലീസ് മേധാവിയുമൊക്കെ കർക്കശഭാഷയിൽ വാഹന പരിശോധന നടത്തുമ്പോൾ പൊലീസ് പാലിക്കേണ്ട സംയമനത്തെക്കുറിച്ച് ഓർമ്മിപ്പിച്ചിട്ടുള്ളതാണ്.
ഈ നിർദ്ദേശങ്ങൾ അനുസരിക്കാൻ ബാദ്ധ്യസ്ഥരായ പൊലീസുകാർ എന്തുകൊണ്ടാണ് ഇപ്പോഴും പ്രാകൃതരീതിയിൽ വാഹനവേട്ടയ്ക്കിറങ്ങുന്നതെന്ന് മനസിലാകുന്നില്ല. ഗതാഗത നിയമം ലംഘിക്കുന്ന വാഹന ഉടമകൾക്കെതിരെ നടപടി എടുക്കാൻ ഇപ്പോൾ ഒരു പ്രയാസവുമില്ല. നിയമം തെറ്റിച്ചുപായുന്ന വാഹനത്തിന്റെ നമ്പർ രേഖപ്പെടുത്തി പിന്നീട് നോട്ടീസ് അയയ്ക്കേണ്ട കാര്യമേയുള്ളൂ. വാഹന ഉടമ പിഴത്തുക നേരിട്ടുകൊണ്ടുവന്ന് അടച്ച് ശിക്ഷ ഒഴിവാക്കും. പതിനായിരക്കണക്കിനുപേർ ഇപ്രകാരം പിഴ അടയ്ക്കാറുമുണ്ട്. വാഹന പരിശോധനയ്ക്ക് നവീന ഉപകരണങ്ങളുമായി വേണം പൊലീസ് ഇറങ്ങേണ്ടതെന്ന് നിഷ്കർഷിച്ചിട്ടുള്ളതാണ്. പാലിക്കേണ്ട നടപടിക്രമങ്ങളും കൃത്യമായി പറഞ്ഞുവച്ചിട്ടുണ്ട്. ഒരു കാരണവശാലും വാഹനങ്ങളെ പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കരുതെന്ന് പരിശോധക സംഘത്തിന് നിർദ്ദേശം നൽകിയിട്ടുള്ളതാണ്. ഇതൊക്കെയായിട്ടും പലേടത്തും പൊലീസ് സംഘം വാഹന പരിശോധന നടത്തുന്നത് പഴയ പ്രാകൃത മുറകളിലൂടെയാണ്. രാജ്യത്തെ ഏറ്റവും വലിയ ക്രിമിനൽ കുറ്റം ഇരുചക്രവാഹനക്കാർ ഹെൽമറ്റ് ധരിക്കാത്തതാണെന്ന മട്ടിലാണ് പൊലീസിന്റെ പെരുമാറ്റം. ഗൾഫിൽ ജോലി തേടാനുള്ള ഒരുക്കത്തിൽ പാസ്പോർട്ട് വെരിഫിക്കേഷനായി കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ പോയി മടങ്ങുമ്പോഴാണ് സിദ്ദിഖ് എന്ന പത്തൊൻപതുകാരനെ വാഹനപരിശോധക സംഘത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ലാത്തിയെറിഞ്ഞ് താഴെ വീഴ്ത്തിയത്. യുവാവ് ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നതു ശരിതന്നെ.
പൊലീസ് സംഘം കൈകാണിച്ചിട്ട് നിറുത്താതിരുന്നതും നിയമലംഘനം തന്നെ. ബൈക്കിന്റെ നമ്പർ നോട്ട് ചെയ്ത് നിയമപ്രകാരം നടപടി എടുക്കേണ്ടതിന് പകരം സ്റ്റണ്ട് സിനിമയിലെന്നപോലെ ലാത്തിയെറിഞ്ഞ് ബൈക്ക് മറിച്ചിടാൻ പൊലീസുകാരന് എന്ത് അധികാരമാണുള്ളത്? പൊലീസുകാരന്റെ അതിക്രമം കാരണം ബൈക്ക് നിയന്ത്രണം വിട്ട് എതിർദിശയിൽനിന്ന് വന്ന കാറിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകടത്തിന് കാരണക്കാരായിട്ടും പൊലീസുകാർ യുവാവിനെ ആശുപത്രിയിലെത്തിച്ചതല്ലാതെ മറ്റു സഹായത്തിനൊന്നും നിൽക്കാതെ സ്ഥലംവിടുകയാണ് ചെയ്തത്. രക്ഷകരാകേണ്ട പൊലീസ് ഇവിടെ സ്വയം രാക്ഷസരൂപമെടുക്കുകയായിരുന്നു.
പൊലീസ് സേനയുടെ സൽകീർത്തിക്ക് അവമതി വരുത്തിയ പ്രവൃത്തിയായിപ്പോയി ഈ സംഭവം. ബൈക്ക് യാത്രികനെ ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തി പരിക്കേല്പിച്ച ചന്ദ്രമോഹൻ എന്ന സിവിൽ പൊലീസ് ഓഫീസറെ കൈയോടെ ജില്ലാപൊലീസ് മേധാവി സസ്പെൻഡ് ചെയ്തത് നല്ല കാര്യം തന്നെ. എന്നാൽ കേവലം സസ്പെൻഷനിൽ അവസാനിപ്പിക്കേണ്ട ശിക്ഷാ നടപടിയല്ലിത്. അനവധി ആളുകൾ നോക്കിനിൽക്കെ പരസ്യമായി നിയമം കൈയിലെടുക്കാൻ തുനിഞ്ഞ പൊലീസുകാരൻ ഗുരുതരമായ കുറ്റമാണ് ചെയ്തിരിക്കുന്നത്. കാക്കി അണിഞ്ഞതിന്റെ ബലത്തിൽ ഇതുപോലുള്ള തെമ്മാടിത്തരം ചെയ്യുന്നവരെ പൊലീസിൽ വച്ചുവാഴിക്കുന്നത് സേനയ്ക്ക് തന്നെ വലിയ ചീത്തപ്പേരുണ്ടാക്കും. അതുകൊണ്ട് ഇത്തരം ആൾക്കാരെ നിയമാനുസൃത നടപടികൾക്കുശേഷം പിരിച്ചുവിടുക തന്നെയാണ് വേണ്ടത്. നിയമം കൈയിലെടുക്കാൻ ശ്രമിക്കുന്ന സേനയിലെ മറ്റുള്ളവർക്കും പാഠമാകുന്നവിധത്തിലാകണം ഇതുപോലുള്ള കേസുകളിൽ ശിക്ഷ. പൊലീസുകാരന്റെ അതിരുവിട്ട പ്രവൃത്തിമൂലം ഗുരുതരമായി പരിക്കേറ്റ യുവാവിന് മതിയായ തോതിൽ നഷ്ടപരിഹാരം ലഭ്യമാക്കാനും നടപടി ഉണ്ടാകണം.
തലസ്ഥാനത്ത് മജിസ്ട്രേട്ട് കോടതിയിൽ പ്രതിക്ക് ജാമ്യം നിഷേധിച്ചതിന്റെ പേരിൽ വനിതാ മജിസ്ട്രേട്ടിന് നേരെ ഏതാനും അഭിഭാഷകരിൽനിന്നുണ്ടായ ദുരനുഭവം അങ്ങേയറ്റം നിർഭാഗ്യകരം തന്നെയാണ്. നിയമവാഴ്ചയെ ഉയർത്തിപ്പിടിക്കേണ്ടവർ സ്വീകരിക്കേണ്ട സമീപനമല്ല ഇതെന്ന് തീർച്ചയാണ്. വികാരവിക്ഷോഭത്തിന്റെ പുറത്താണെങ്കിൽപോലും നീതിപീഠത്തിലിരിക്കുന്ന ഒരു വ്യക്തി അവഹേളിക്കപ്പെടുന്നത് ഗുരുതരമായ കൃത്യം തന്നെയാണ്. സംഭവത്തിൽ പൊലീസ് അഭിഭാഷകർക്കെതിരെ കേസെടുക്കുകയും ഹൈക്കോടതി പ്രശ്നത്തിൽ ഇടപെടുകയും ചെയ്ത നിലയ്ക്ക് പുതിയ അർത്ഥതലങ്ങളിലേക്ക് പ്രശ്നം വലുതാവുകയാണ്. കോടതി ബഹിഷ്കരണം ഉൾപ്പെടെയുള്ള പ്രതിഷേധ മുറകളുമായി അഭിഭാഷകരും രംഗത്തുണ്ട്. ഏറ്റുമുട്ടലിന്റെ പാത ഒഴിവാക്കാൻ മുതിർന്നവർ രംഗത്തുവരേണ്ട അവസരമാണിത്.