വക്കം: വക്കം റൂറൽ ഹെൽത്ത് സെന്ററിൽ പ്രമേഹരോഗികൾക്ക് നൽകുന്ന ഇൻസുലിൻ വിതരണം മുടങ്ങിയതായി പരാതി. കഴിഞ്ഞ മൂന്നാഴ്ചയായി ഇവിടെ ഇൻസുലിൻ വിതരണം നടന്നിട്. നവംബർ മാസത്തിൽ ഇൻസുലിൻ എത്തിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ശനിയാഴ്ചയാണ് പ്രമേഹരോഗികളുടെ ബ്ലഡ് പ്രഷറും, ഷുഗറും നോക്കുന്നതും അതിനനുസരിച്ചുള്ള ഇൻസുലിൻ വിതരണം നടത്തുന്നതും. മാർക്കറ്റിൽ വൻ വിലയുള്ള ഇൻസുലിൻ രോഗിക്ക് സൗജന്യമായി ലഭിക്കുന്നത് വലിയ ആശ്വാസമായിരുന്നു. എന്നാൽ അത് മുടങ്ങിയതോടെ രോഗികൾ ഏറെ ബുദ്ധിമുട്ടുകയാണ്. നിത്യവും ഒരു തവണ മുതൽ മൂന്ന് തവണ വരെ ഇൻസുലിൻ കുത്തിവെയ്ക്കുന്ന രോഗികളാണ് ഏറെയും. പ്രായാധിക്യവും, അവശതയും ഉള്ള ഇക്കൂട്ടർക്ക് ഇൻസുലിൻ കൂടി നിഷേധിച്ചതോടെ വല്ലാത്ത അവസ്ഥയിലാണെന്ന് രോഗികൾ പറയുന്നു. പുറത്ത് നിന്ന് വാങ്ങി കുത്തിവെയ്ക്കാൻ സാമ്പത്തികവും അനുവദിക്കുന്നില്ല.