ramesh-chennithala

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്ത് നടത്തിക്കൊണ്ടിരിക്കുന്നത് ഉല്ലാസയാത്രയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഈ യാത്രകൾ കൊണ്ട് സംസ്ഥാനത്തിന് എന്തു പ്രയോജനമുണ്ടായി? സെക്രട്ടറിതല പ്രാതിനിദ്ധ്യം പോലും ആവശ്യമില്ലാത്ത ചടങ്ങുകളും കരാർ ഒപ്പിടീലുകളുമാണ് മുഖ്യമന്ത്രിയുടെ ജപ്പാൻ, കൊറിയ സന്ദർശനങ്ങളിൽ കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ജപ്പാനിലെ ഒസാക്ക യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് സാൻവിച്ച് കോഴ്സുകൾ നടത്തുന്നത് വൈസ്ചാൻസലർ തലത്തിൽ മാത്രം തീരുമാനിക്കാവുന്ന കാര്യമാണ്. ഇതിനെന്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും പോകണം? ടോക്കിയോവിലെ ഇന്ത്യൻ എംബസിയിൽ നിക്ഷേപ പ്രോത്സാഹന സെമിനാറിൽ ജപ്പാനിലെ വ്യവസായ മന്ത്രി പോലും പങ്കെടുത്തില്ല. ഇന്ത്യൻ അംബാസഡർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കാഴ്ചക്കാരനായി മുഖ്യമന്ത്രി പങ്കെടുത്തത് പ്രോട്ടോക്കോൾ ലംഘനവുമാണ്. തോഷിബ കമ്പനിയിലെ ഇന്ത്യൻ മാനേജിംഗ് ഡയറക്ടറുടെ കൈയിൽ നിന്നൊരു താല്പര്യപത്രം വാങ്ങാൻ മുഖ്യമന്ത്രി ടോക്കിയോ വരെ പോകണോ?. ഈ ധൂർത്ത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്- ചെന്നിത്തല പറഞ്ഞു.

കിയാലിൽ സി.എ.ജി ഓഡിറ്റിംഗ് നിഷേധിച്ചതിന് കമ്പനിയെയും ഡയറക്ടർമാരെയും പ്രോസിക്യൂട്ട് ചെയ്യേണ്ടിവരുമെന്ന് കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയതോടെ പ്രതിപക്ഷം പറഞ്ഞത് ശരിയാണെന്നു തെളിഞ്ഞു. ധനമന്ത്രി ഇപ്പോഴും പറയുന്നത് കിയാൽ സർക്കാർ കമ്പനിയല്ലെന്നാണ്. ഡയറക്ടറായ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യുന്നത് അദ്ദേഹത്തിന് താല്പര്യമുള്ളതാണെന്നു തോന്നുന്നു.

ഹൈക്കമാൻഡ് തീരുമാനം അന്തിമം

മഹാരാഷ്ട്ര സഖ്യം സംബന്ധിച്ച് ഹൈക്കമാൻഡ് തീരുമാനമെടുത്താൽ അതിനെ ചോദ്യം ചെയ്യില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. ഈ വിഷയത്തിൽ മലപ്പുറം ഡി.സി.സി ജനറൽസെക്രട്ടറിയുടെ രാജി വ്യക്തിപരമാണ്. രാഹുൽഗാന്ധി ആരാണെന്ന് എല്ലാവർക്കുമറിയാം. മന്ത്രി മണി എന്തെങ്കിലും തോന്ന്യാസം വിളിച്ചുപറയുന്നതിൽ കാര്യമില്ല. സർവകലാശാലകളിൽ അനുവദിച്ചുകഴിഞ്ഞ ഡിഗ്രി റദ്ദാക്കാൻ ചാൻസലർക്കു മാത്രമാണ് അധികാരമെന്നതിനാൽ എം.ജി, കേരള സർവ്വകലാശാലാ മാർക്ക് ക്രമക്കേട് വിഷയങ്ങളിൽ ഗവർണ്ണർ ഇടപെടണം.

യൂണിവേഴ്സിറ്റി കോളേജിൽ ഇപ്പോഴും മറ്റ് സംഘടനകൾക്ക് പ്രവർത്തിക്കാനാവാത്ത സ്ഥിതിയാണെന്ന് കെ.എസ്.യു പ്രവർത്തകനെ ആക്രമിച്ചതിലൂടെ തെളിഞ്ഞു. സ്പീക്കറുടെ തീരുമാനത്തിൽ ഓഡിറ്റില്ലെന്നതിനാൽ നിയമസഭയിലെ ധൂർത്തിനെ ചോദ്യം ചെയ്യില്ലെന്ന് ധരിക്കേണ്ട. സാധാരണ പ്രവ‌ൃത്തികൾ നടത്തുമ്പോൾ പ്രതിപക്ഷകക്ഷികളുമായി സ്പീക്കർമാർ ചർച്ച ചെയ്യാറുണ്ടെങ്കിലും ഇവിടെയുണ്ടായില്ല. പ്രതിപക്ഷം കത്ത് നൽകിയപ്പോഴാണ് കക്ഷിനേതാക്കളുടെ യോഗം വിളിച്ചത്. മുഖ്യമന്ത്രി അതിൽ പങ്കെടുത്തതുമില്ല. നിയമസഭയിൽ ഇനി എന്ത് നടത്തിയാലും ടെൻഡർ വിളിച്ചേ ചെയ്യാവൂ. കെ.പി.സി.സി പുന:സംഘടന വൈകാതെ നടക്കും. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിലും ഉടൻ തീരുമാനം വരുമെന്ന് ചെന്നിത്തല പറഞ്ഞു.