ree-per

കിളിമാനൂർ: കർഷകരുടെ ആത്മവിശ്വാസവും കരുത്തും വർദ്ധിപ്പിക്കാൻ കഴിഞ്ഞ കാലയളവാണ് കേരളത്തിലെ എൽ.ഡി.എഫ് ഭരണമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും കിസാൻ സഭ ജില്ലാ സെക്രട്ടറിയുമായ മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു. സി.പി.ഐ കിളിമാനൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജനകീയ കർഷക സമിതിയുടെ വാലംഞ്ചേരി ഏലായിലെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക ഉത്പന്നങ്ങൾ മൂല്യവർദ്ധിത ഉത്പന്നങ്ങളായി മാറ്റി മാർക്കറ്റിലെത്തിക്കാൻ കഴിയണമെന്നും അതിലൂടെ കാർഷിക മേഖലയ്ക്ക് കൂടുതൽ മികവിലേക്കെത്താൻ കഴിയുമെന്നും മാങ്കോട് പറഞ്ഞു. കിളിമാനൂർ എൽ.പി.എസിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികളും എത്തിയിരുന്നു. ആർ.ആർ.വി.ബി വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ കൊയ്ത്തുപാട്ടും പാടി. അഞ്ചര ഏക്കർ വയലാണ് വിവിധ കർഷകരിൽ നിന്നും പാട്ടത്തിനെടുത്ത് ജനകീയ കർഷക സമിതി കൃഷി ഇറക്കിയത്. നൂറ് മേനി വിളവാണ് ലഭിച്ചെതെന്ന് ഭാരവാഹികൾ പറഞ്ഞു. വി. സോമരാജകുറുപ്പ് അദ്ധ്യക്ഷനായിരുന്നു. ബി.എസ് റജി സ്വാഗതം പറഞ്ഞു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.ആർ. രാജീവ്, കിളിമാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ദേവദാസ് എ.ഐ.ടി.യു.സി നേതാവ് ടി.എം. ഉദയകുമാർ, കിസാൻ സഭ നേതാവ് വാസുദേവ കുറുപ്പ്, കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗം അയിരൂപ്പാറ രാമചന്ദ്രൻ, കിളിമാനൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽ. ബിന്ദു, എ.ഐ.എസ്.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ബി.അനീസ് സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ധനപാലൻ നായർ, സി. സുകുമാരപിള്ള, ജി. ബാലൻ, സജി കിളിമാനൂർ, സുധാകരൻ മുത്താന, എം.സിഅഭിലാഷ്, ശാന്തകുമാരി അമ്മ, കൃഷി അസിസ്റ്റന്റ് ജോയി എന്നിവർ സംസാരിച്ചു.