കല്ലമ്പലം: മണമ്പൂർ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സി.പി.എം പാർലമെന്ററി പാർട്ടി നേതാവ് സത്യവിരുദ്ധ പ്രസ്താവന നടത്തുന്നതായി കോൺഗ്രസ് ആരോപണം. ഭരണസമിതി അംഗൻവാടികളിൽ അനധികൃത നിയമനം നടത്തിയെന്നാണ് സി.പി.എം ആരോപിക്കുന്നത്. എന്നാൽ അംഗൻവാടികളിൽ നിയമനം നടന്നിട്ടില്ലെന്നും സാമൂഹിക നീതി വകുപ്പും ബ്ലോക്ക് പഞ്ചായത്തും ചേർന്നാണ് നിയമനം നടത്തുന്നതെന്ന് സി.പി.എം അറിയണമെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതിയിൽ രണ്ട് സി.പി.എം പഞ്ചായത്തംഗങ്ങൾ ജോലിനോക്കാതെ വ്യാജരേഖയുണ്ടാക്കി കൂലിവാങ്ങിയത് പരാതിക്കിടയാക്കുകയും അന്വേഷണത്തെ തുടർന്ന്‍ പുറംലോകമറിയുകയും ചെയ്ത സംഭവം ശ്രദ്ധതിരിക്കാനുള്ള സി.പി.എമ്മിന്റെ അജണ്ടകളുടെ ഭാഗമാണിതെന്നും കോൺഗ്രസ് ആരോപിച്ചു. പഞ്ചായത്ത് ഭരണസമിതി ക്രമവിരുദ്ധ പ്രവർത്തങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ ഏതന്വേഷണം നേരിടാനും തയാറാണെന്നും ഭരണസമിതിയെ ജനമധ്യത്തിൽ താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങൾ വിലപ്പോവില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശും വൈസ് പ്രസിഡന്റ് എസ്. സുരേഷ്കുമാറും അറിയിച്ചു.