മഹാകവി അക്കിത്തത്തിന് ഇപ്പോൾ കിട്ടിയിരിക്കുന്ന ഈ അംഗീകാരം വളരെ വർഷങ്ങൾക്ക് മുൻപേ തന്നെ കിട്ടേണ്ടതായിരുന്നു എന്ന അഭിപ്രായക്കാരനാണ് ഞാൻ. യഥാർത്ഥ ഭാരതീയ കവി എന്ന അംഗീകാരത്തിന് തികച്ചും യോഗ്യനായ മലയാള കവിയാണ് അക്കിത്തം. രാജ്യത്തിന്റെ 70 വർഷങ്ങളുടെ ചരിത്രത്തിനോടൊപ്പം സഞ്ചരിച്ചയാളാണ് ഈ കവി. പുരോഗമന ആശയങ്ങളുടെ സഹയാത്രികനായി തന്റെ കാവ്യജീവിതം ആരംഭിച്ച അദ്ദേഹം മാറിമാറി വരുന്ന സാഹചര്യങ്ങൾക്കനുസരിച്ച് മനുഷ്യർക്ക് ഏറ്റവും പ്രയോജനകരമായിട്ടുള്ള നിലപാടുകൾക്ക് വേണ്ടി തന്റെ കാവ്യസാധനയെ വിനിയോഗിച്ചു. അടിസ്ഥാനപരമായി മാനവികതയാണ് അക്കിത്തം കവിതയുടെ പ്രചോദനം.
'ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം' എന്ന വരികൾ മാത്രം മതി കവിയുടെ മാനവികതയ്ക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കുവാൻ.
അക്കിത്തത്തിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് അദ്ദേഹത്തിന് ഏത് ആശയധാര പിന്തുടരുന്നതിനും മുൻവിധികളോ ഭയമോ ഇല്ലയെന്നതാണ്. ഭാരതീയ തത്വചിന്തയും ആത്മീയതയും മനുഷ്യപുരോഗതിക്ക് ആവശ്യമാണെന്നും അത് കേവലം അന്ധവിശ്വാസങ്ങളല്ലയെന്നും പറയാൻ കവി മടികാണിച്ചിട്ടില്ല. അത് തന്റെ പുരോഗമന സ്വഭാവത്തിന് കളങ്കമേൽപ്പിക്കുമോയെന്ന അധൈര്യവും അക്കിത്തത്തിനില്ല. കാരണം പാശ്ചാത്യമായാലും പൗരസ്ത്യമായാലും ഏത് ആശയധാരയിലെയും അടിസ്ഥാനപരമായ മാനവികതയെ ഉപാസിക്കുന്ന കവിക്ക് മാനവികതയ്‌ക്കപ്പുറമുള്ള ഒരു ലേബലുകളിലും വിശ്വാസമില്ല. മറിച്ച് കവിയെ ലേബലൊട്ടിക്കാൻ ശ്രമിച്ച നിരൂപകരെയാണ് കവിയുടെ കവിത്വം ധീരമായി നിരാകരിച്ചത്.
കാൽപനികതയിൽ നിന്ന് മലയാള കവിത ആധുനീകതയിലേക്ക് ഉറക്കമുണർന്ന സന്ദർഭത്തിൽ ആധുനികതയുടെ പാശ്ചാത്യധാരകളെയല്ല, ഭാരതീയമായ ആർജവത്തെയാണ് അക്കിത്തം കവിത കൂട്ടുപിടിച്ചത്. മലയാളത്തിലെ ആധുനിക സാഹിത്യം പാശ്ചാത്യആശയങ്ങളാൽ പ്രചോദിതമായപ്പോളും ഭാരതീയമായ വേരുകളാണ് അക്കിത്തത്തിന്റെ ആധുനികതയ്ക്കുള്ളത്. പുരോഗമന ആശയങ്ങളും പാശ്ചാത്യ, പൗരസ്ത്യ ആശയങ്ങളുമെല്ലാം മനുഷ്യപുരോഗതി എന്ന ഏകബിന്ദുവിൽ സമന്വയിക്കുന്ന സ്നേഹപ്രവാഹമാണ്. അതിൽ പൊരുത്തക്കേടുകളില്ല. എല്ലാത്തിനേയും ആശ്ലേഷിക്കുന്ന മഹാകാവ്യത്തിന്റെ കാരുണ്യമാണ് അക്കിത്തം കവിത.
മലയാളസാഹിത്യത്തിന് ലഭിക്കുന്ന ആറാമത്തെ ജ്ഞാനപീഠ പുരസ്‌കാരമാണിത്. മൂന്ന് കവികൾക്കും മൂന്ന് നോവലിസ്റ്റുകൾക്കും പുരസ്കാരം ലഭിച്ചതിൽ ഒരു നീതികരണമുണ്ട്. മലയാള സാഹിത്യത്തിന് കിട്ടിയ അംഗീകാരമാണിത്. ഈ പുരസ്‌കാര ലബ്‌ധി മലയാളത്തിലെഴുതുന്ന എല്ലാവർക്കും, പ്രത്യേകിച്ച് കവികൾക്ക് നൽകുന്ന പ്രചോദനം വലുതാണ്.