വിതുര: കലിയുഗവരദനായ ശബരിമല ശ്രീധർമ്മശാസ്താവിനെ വണങ്ങി അനുഗ്രഹം വാങ്ങുന്നതിനായി കുട്ടികളടക്കം 55 അയ്യപ്പഭക്തൻമാർ കാൽനടയായി ശബരിമലയ്ക്ക് പുറപ്പെട്ടു. വിതുര ശ്രീമഹാദേവർ - ദേവീ ക്ഷേത്രത്തിൽ നിന്നു ഇന്നലെ വൈകിട്ട് 5ന് പുറപ്പെട്ട അയ്യപ്പൻമാർ ഒരാഴ്ച കൊണ്ട് സന്നിധാനത്തെത്തും. 17 വർഷമായി വിതുര മഹാദേവർക്ഷേത്രത്തിൽ നിന്നും മുടങ്ങാതെ കാൽനടയാത്രയായി ശബരിമലയ്ക്ക് ഇൗ സംഘം പോകുകയാണ്. 41 ദിവസം കഠിന വ്രതം നോറ്റാണ് ദർശനത്തിന് പോകുന്നത്. കഴിഞ്ഞ വർഷം 64 അയ്യപ്പൻമാർ ഇവിടെ നിന്നു ദർശനത്തിന് പുറപ്പെട്ടിരുന്നു. പാലോട്, കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ, കോന്നി, റാന്നി, കാളകെട്ടി വഴിയാണ് എട്ടാം നാൾ ശബരിമലയിലെത്തുന്നത്. പരമ്പരാഗതരീതിയിൽ എരുമേലിയിൽ പേട്ട തുള്ളലും നടത്തിയശേഷമാണ് സന്നിധാനത്തെത്തുക.