കാട്ടാക്കട: പൂവച്ചൽ പുന്നാംകരിക്കകം ബഡ് സ്കൂളിലേക്കുള്ള റോഡ് തകർന്ന് യാത്ര ദുരിത പൂർണമായി. പഞ്ചായത്തിലെ രണ്ടു വാർഡുകളെ ബന്ധിപ്പിക്കുന്ന റോഡാണ് കുണ്ടും കുഴിയും നിറഞ്ഞ് ചെളിക്കുളമായി കിടക്കുന്നത്. പുന്നാംകരിക്കകത്തു നിന്ന് ഉണ്ടപ്പാറയിലേക്ക് പോകുന്ന എളുപ്പവഴിയുടെ ഇരുവശത്തും അനേകം കുടുംബങ്ങളാണ് താമസിക്കുന്നത്. പുതുതായി ആരംഭിച്ച മുളമൂട് ബഡ്സ് സ്‌കൂളിലേക്കുള്ള വഴിയും ഇതാണ്.
ദിനം പ്രതി പഞ്ചായത്തിലേയും സമീപ പഞ്ചായത്തുകളിലേയുമായി നിരവധി ഭിന്നശേഷിക്കാരായ കുട്ടികളാണ് ഈ സ്കൂളിൽ എത്തുന്നത്. സ്കൂളിലേക്ക് കയറുന്നതിനായി പുതിയ വഴി പഞ്ചായത്ത് നിർമ്മിച്ചെങ്കിലും ഈ വഴി തകർന്ന് തരിപ്പണമായി. ഇതുകാരണം ഭിന്നശേഷിക്കാരായ കുട്ടികളെ താഴെ ഇറക്കി നടത്തിവേണം സ്കൂളിലെത്തിക്കാൻ. ശാരീരിക വൈകല്യമുള്ള കുട്ടികളും കൂട്ടത്തിലുണ്ട്. ഇവർക്ക് പരസഹായമില്ലാതെ സ്കൂളിന് മുന്നിലെ കുത്തനെയുള്ള കയറ്റം കയറാൻ കഴിയില്ല. പരസഹായമില്ലാതെ വീണാൽ വലിയ അപകടം ഉണ്ടാകുമോ എന്ന ഭയവും രക്ഷിതാക്കൾക്കുണ്ട്. സ്കൂളിലെത്തുന്ന കുട്ടികളെ രാവിലേയും വൈകിട്ടും ഓരോരുത്തരെയായി സ്കൂളിൽ എത്തിക്കാനും തിരികെ വീട്ടിലെത്തിക്കാനും ഇവിടത്തെ ജീവനക്കാർ നന്നേ പ്രയാസപ്പെടുന്നുണ്ട്.
റോഡ് പുനരുദ്ധാരണത്തിനായി പഞ്ചായത്തിൽ നിന്ന് ഫണ്ട് അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും ഇതേവരെ പണി തുടങ്ങിയിട്ടില്ല. കുട്ടികൾക്ക് എന്തെങ്കിലും അപകടം പറ്റിയാലേ ഇനി അധികൃതർ ഇവിടത്തെ കാര്യങ്ങൾ ശ്രദ്ധിക്കൂ എന്നാണ് പരിസരവാസികൾ പറയുന്നത്.