നെയ്യാറ്റിൻകര: കർഷക തൊഴിലാളി യൂണിയൻ ( ബി.കെ.എം.യു ) ഡിസംബർ 6ന് രാവിലെ 10ന് നെയ്യാറ്റിൻകര താലൂക്ക് ഓഫീസിലേയ്ക്ക് നടത്തുന്ന മാർച്ച് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്യും. കർഷക തൊഴിലാളി യൂണിയൻ സംഘടിപ്പിക്കുന്ന 'ദേശീയ പ്രക്ഷോഭത്തിന്റെ ' ഭാഗമായിട്ടാണ് താലൂക്ക് ഓഫീസ് മാർച്ച് സംഘടിപ്പിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി ശക്തിപ്പെടുത്തുക, കർഷക തൊഴിലാളി ക്ഷേമനിധിയെ സംരക്ഷിക്കുക, കർഷക തൊഴിലാളി പെൻഷൻ 3000 രൂപയായി ഉയർത്തുക, ലൈഫ് പദ്ധതി ത്വരിതപ്പെടുത്തുക, ദളിതർക്കെതിരെയുള്ള പീഢനങ്ങൾ അവസാനിപ്പിക്കുക, ദേശീയ കർഷക തൊഴിലാളി നിയമം പാസാക്കുക, നെൽവയൽ തണ്ണീർത്തട നിയമം ശക്തിപ്പെടുത്തുക, ക്യഷി ഭവനുകൾക്ക് കീഴിൽ കർഷക തൊഴിലാളികളെ ഉൾപ്പെടുത്തി തൊഴിൽ സേനയെ സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യമൊട്ടാകെ ബി.കെ.എം.യുവിന്റെ നേതൃത്വത്തിൽ അംബേദ്കറിന്റെ ചരമദിനമായ ഡിസംബർ 6 ന് പ്രക്ഷോഭം സംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി നെയ്യാറ്റിൻകര താലൂക്ക് ഓഫീസിലേയ്ക്ക് നടത്തുന്ന മാർച്ചിൽ കള്ളിക്കാട് ചന്ദ്രൻ, സി. സുന്ദരേശൻ നായർ, കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ, കള്ളിക്കാട് ഗോപകുമാർ, വി.എം. ശിവരാമൻ തുടങ്ങിയ നേതാക്കൾ സംസാരിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ എൻ. അയ്യപ്പൻനായരും കൺവീനർ തച്ചക്കുടി ഷാജിയും അറിയിച്ചു.