തിരുവനന്തപുരം: പേട്ട ജംഗ്ഷനിലെ വാഹനപരിശോധനയ്ക്കിടെ കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ. വള്ളക്കടവ് വാർഡിൽ കദീജ ഭവനിൽ ഷാരൂഖ് ഖാൻ (22), ശംഖുംമുഖം എൽ.പി സ്‌കൂളിന് സമീപം പൗളി വീട്ടിൽ ജിതിൻ (24) എന്നിവരെയാണ് പേട്ട പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി പേട്ട ജംഗ്ഷന് സമീപം നടന്ന വാഹന പരിശോധനയ്ക്കിടെയാണ് ബൈക്കിലെത്തിയ ഇവർ പൊലീസിന്റെ പിടിയിലായത്. ഷാരൂഖ് ഖാനെ തിരിച്ചറിഞ്ഞ പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇവരുടെ കൈവശം ബൈക്കിന്റെ രേഖകളും ഇല്ലായിരുന്നു. സ്റ്രേഷനിലെത്തിച്ച് ചോദ്യം ചെയ്‌തപ്പോൾ പോത്തൻകോടിന് സമീപം വീട് കവർച്ച ചെയ്യാനായി ജിതിനെയും കൂട്ടി പോകുകയായിരുന്നുവെന്ന് ഷാരൂഖ് ഖാൻ സമ്മതിച്ചു. നിരവധി മാലപൊട്ടിക്കൽ കേസുകളിലും ക്രിമിനൽ കേസുകളിലും ഇവർ പ്രതികളാണ്. പേട്ട പൊലീസ് സ്റ്രേഷൻ പരിധിയിലെ വീടുകളിൽ മോഷണം നടത്തിയ കേസിലും വെൺപാലവട്ടം സ്വദേശിനിയുടെ ഒന്നരപ്പവന്റെ മാല മോഷ്ടിച്ച കേസിലും പ്രതികളായ ഇവർക്കതിരെ പൂന്തുറ, തിരുമല, വഞ്ചിയൂർ, വലിയതുറ തുടങ്ങിയ സ്റ്രേഷനുകളിലും കേസുണ്ട്. പ്രതികളിൽ നിന്ന് നിരവധി തൊണ്ടിമുതലുകളും കണ്ടെടുത്തു. ഇവരെ റിമാൻഡ് ചെയ്‌തു.
ഫോട്ടോ: പിടിയിലായ ഷാരൂഖ് ഖാൻ, ജിതിൻ