വെളളറട: ഗ്രാമപഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുകയാണ്. ഭീതിയോടെയാണ് ഇവിടുത്തെ ജനം പുറത്തിറങ്ങി നടക്കുന്നത്. തെരുവിൽ അക്രമം നടത്തുന്ന നായ്ക്കളെ പിടികൂടാനും നെരുവ് നായ ശല്യം പരിഹരിക്കാൻ ശാശ്വത നടപടി സ്വാകരിക്കാനും ബന്ധപ്പെട്ട അധികൃതർ മിനക്കെടുന്നില്ലെന്നാണ് ആക്ഷേപം. മലയോര ഗ്രാമപഞ്ചായത്തുകൾ തെരുവ് നായ്ക്കൾ പിടികൂടിയിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു. അലഞ്ഞുതിരിഞ്ഞ നടക്കുന്ന നായ്ക്കളിൽ പേവിഷബാധ ഉണ്ടോയെന്നുപോലും ആർക്കും അറിയില്ല. തെരുവ് നായ്ക്കളുടെ കടിയേറ്റ് ആശുപത്രികളിൽ ചികിത്സതേടുന്നവരും കുറവല്ല. നാട്ടുകാർക്ക് വെല്ലുവിളി ഉയർത്തുന്ന തെരുവ് നായ്ക്കളെ പിടികൂടി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഗ്രാമങ്ങളിൽ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഇരുട്ടായാൽ മാലിന്യനിക്ഷേപം പതിവാണ്. ഇവിടെ തമ്പടിക്കുന്ന തെരുവ്നായ്ക്കളാണ് നാട്ടുകാർക്ക് വെല്ലുവിളി ഉയർത്തുന്നത്. ഇരുചക്ര വാഹന യാത്രക്കാർ പോലും പേടിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. വാഹനങ്ങൾക്ക് മുന്നിലേക്ക് തെരുവ് നായ്ക്കൾ എടുത്തുചാടി പരിക്കേൽക്കുന്നവർ നിരവധി. താഴെവീണാൽ ഇവറ്റകൾ വഴിയാത്രക്കാരന്റെ ദേഹത്തേക്ക് ചാടി വീഴുകയും ചെയ്യും.
സ്കൂൾ പരിസരങ്ങളിൽ നായ്ക്കളുടെ ശല്യം കൂടിയതോടെ വിദ്യാർത്ഥികളും ഭീതിയിലാണ്. ഇവയെ നിയന്ത്രിക്കാൻ എന്തെങ്കിലും നടപടിവെണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതരും നിവേദനവുമായി ഗ്രാമപഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ടുണ്ട്. നായ്ക്കൾ പെറ്റുപെരുകുന്നത് തടയാൻ കൂടുതൽ ശക്തമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ ഭീതികൂടാതെ പുറത്തിറങ്ങി നടക്കാൻ പോലും കഴിയാതെവരുമെന്നാണ് നാട്ടുകാർ പറയുന്നത്.