ശ്രീകാര്യം: ചെറുവയ്‌ക്കൽ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുലയനാർകോട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡയബറ്റീസ്, വട്ടപ്പാറ പി.എം.എസ് ഡെന്റൽ കോളേജ്, കേശവദാസപുരം ചൈതന്യ കണ്ണാശുപത്രി, ശ്രീകാര്യം ന്യൂട്രിഷ്യൻ സെന്റർ എന്നിവയുടെ സഹകരണത്തോടെ പ്രശസ്‌ത സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെയും ടെക്‌നിഷ്യൻമാരെയും പങ്കെടുപ്പിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ ചെറുവയ്ക്കൽ യു.പി സ്‌കൂളിലാണ് ക്യാമ്പ്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.കെ. അജയ്‌കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഡോ. ജേക്കബ് ആന്റണി, ഡോ. എസ്. സനൽകുമാർ, ഡോ. വി.കെ. വിദ്യ, ഡോ. റീന ചന്ദ്രൻ എന്നിവർ നേതൃത്വം നൽകുന്ന ക്യാമ്പിൽ രോഗനിർണയം, സൗജന്യ പ്രമേഹ നിർണയം, ഫാറ്റ് പരിശോധന എന്നിവ ഉണ്ടായിരിക്കും. ഡയബറ്റിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ കാലിന്റെ സ്‌പർശന ശേഷി പരിശോധിച്ചറിയുന്നതിനുള്ള സൗജന്യ പോഡിയാട്രി ടെസ്റ്റ് ക്യാമ്പിൽ നടത്തും. എല്ലാവരും ക്യാമ്പിൽ പങ്കെടുക്കണമെന്ന് അസോസിയേഷൻ പ്രസിഡന്റ് മോഹനൻ കാവുവിളയും സെക്രട്ടറി എസ്. സിക്കന്തറും അറിയിച്ചു.