തിരുവനന്തപുരം: സസ്‌പെൻഡ് ചെയ്ത ഹെൽത്ത് ഓഫീസർ ഡോ. ശശികുമാറിനെ തിരിച്ചെടുക്കാൻ നഗരസഭാ കൗൺസിൽ യോഗത്തിൽ തീരുമാനം. മലിനീകരണനിയന്ത്രണബോർഡിന്റെ കാരണം കാണിക്കൽ നോട്ടീസ് മേലുദ്യോഗസ്ഥരുടെ ശ്രദ്ധയിപ്പെടുത്തിയില്ലെന്ന കാരണത്താലായിരുന്നു സസ്പെൻഷൻ. അച്ചടക്ക നടപടി നിലനിറുത്തിക്കൊണ്ട് ഹെൽത്ത് ഓഫീസറെ തിരിച്ചെടുക്കുന്ന കാര്യം അജണ്ടയിൽ ഉൾപ്പെടുത്തി ഔദ്യോഗിക വിഷയമായാണ് കൗൺസിൽ യോഗത്തിന്റെ പരിഗണനക്കെത്തിയത്. സസ്‌പെൻഡ് ചെയ്ത നടപടി കൗൺസിൽ യോഗം അംഗീകരിക്കാത്ത പശ്ചാത്തലത്തിൽ അച്ചടക്ക നടപടികൾ കൂടാതെ തിരിച്ചെടുക്കണമെന്ന് യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ ആവശ്യപ്പെട്ടു. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് കാലത്ത് ലഭിച്ച നോട്ടീസ് മനപൂർവം പൂഴിത്തിവച്ച ശേഷം ആത്മാർത്ഥയോടെ പ്രവർത്തിച്ച ഉദ്യോഗസ്ഥനെ ബലിയാടാക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി പറഞ്ഞു. സസ്‌പെഷൻ നടപടി തെറ്റെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും യു.ഡി.എഫ് നേതാവ് ബീമാപള്ളി റഷീദിന്റെ നിലപാട്. പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനത്തിന് എതിരെ തുണിസഞ്ചി വ്യാപകമാക്കുന്നതിന് വേണ്ടി അക്ഷീണം പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ് ഹെൽത്ത് ഓഫീസറെന്ന് ബി.ജെ.പി നേതാവ് എം.ആർ. ഗോപനും പറഞ്ഞു. ഹെൽത്ത് ഓഫീസർ മികച്ച ഉദ്യോഗസ്ഥനാണ് എന്നാൽ വീഴ്‌ചവരുത്തിയാൽ ന്യായീകരിക്കാൻ കഴിയില്ല. തദ്ദേശസ്വയം ഭരണ സെക്രട്ടറി ടി.കെ. ജോസ് നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ നഗരസഭയോട് നിർദേശിക്കുകയാണെന്നും അതിന് വഴങ്ങാത്ത സെക്രട്ടറിയെ ബലിയാടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എൽ.ഡി.എഫ് നേതാവ് സോളമൻ വെട്ടുകാട് പറഞ്ഞു. അത്തരമൊരു തദ്ദേശസ്വയംഭരണ സെക്രട്ടറിയെ മാറ്രാൻ സർക്കാരിനോട് ശുപാർശ ചെയണമെന്ന് യു.ഡി.എഫ് നേതാവ് ഡി. അനിൽകുമാറും പറഞ്ഞു. വി.ആർ.സിനി, ജോൺസൺ ജോസഫ്, ഗിരികുമാർ, തിരുമല അനിൽ, എന്നിവർ സസ്‌പെൻഷൻ നടപടിയെ എതിർത്തും പാളയം രാജൻ, ആർ.പി.ശിവജി, ഐഷാബേക്കർ തുടങ്ങിയവർ അനുകൂലിച്ചും സംസാരിച്ചു. ഒടുവിൽ അച്ചടക്ക നടപടി നിലനിറുത്തിക്കൊണ്ട് തന്നെ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കുന്നതായി മേയർ കെ. ശ്രീകുമാർ അറിയിച്ചു. പ്രതിപക്ഷം ബഹളമുണ്ടാക്കിയെങ്കിലും മേയർ തീരുമാനം വിശദീകരിച്ചതോടെ ശാന്തരായി.